Tuesday, April 7, 2020

ഇടനെഞ്ചിലാണ് അനന്തപൂർ!

വീട്ടിലെത്തി ബാഗ് പാക്ക് ചെയ്തിറങ്ങി.
ഇവിടെ നിന്നും വിടപറയാൻ നല്ല വിഷമമുണ്ട്. മൂന്ന് ദിവസം ഒരു കുടുംബം പോലെയായിരുന്നു. അവരുടെ സ്നേഹം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല.

ഇവർക്കിവിടെ ഒരുപാട് പണികളുണ്ടായിരുന്നു. രാവിലെ നാല് മണിക്കെല്ലാമാണ് ഉറങ്ങിയിരുന്നത്. അതിനിടയിൽ അവർ എന്റെ കാര്യങ്ങളും നോക്കി.

ഭരത് അവിടെയുള്ള അറിയപ്പെടുന്ന എല്ലാരോടും എന്നെ പരിചയപ്പെടുത്തി.

ജീവൻ എന്നെയും കൊണ്ട് അനന്തപൂർ മുഴുവൻ കൊണ്ട് നടന്നു.

ചന്ദ്ര എനിക്കുള്ള ഭക്ഷണവും മറ്റും ഒരുക്കി.

ജോലി തിരക്കുകളിൽ നിന്നെല്ലാം ഒഴിഞ്ഞു എന്നോടൊപ്പം ഒരു സഹോദരനെ പോലെ ഒപ്പം കൂടിയ റെഡ്ഡി ബ്രോ.

അങ്ങനെ എന്നെ സ്നേഹിച്ച ഒരുപാട് മനുഷ്യർ.  നന്ദിപറച്ചിലും കെട്ടിപിടുത്തവും കഴിഞ്ഞവിടെനിന്നിറങ്ങി.

ചന്ദ്ര എന്നെ കൊണ്ടാക്കാൻ താഴെ വരെ വന്നു. അവനിക്കൊരു വിഷമമുള്ള പോലെ.

റെഡ്ഡി ബ്രോ എന്നെയും കൊണ്ട് സ്റ്റേഷനിലേക്ക്.
ട്രെയിനും ഞങ്ങളും ഒരുമിച്ചെത്തി.

ഉടനെ തന്നെ ഒരു തിരിച്ചുവരവുണ്ടാവുമെന്ന ഉറപ്പിൽ അനന്തപൂരിൽ നിന്നും യാത്രയായി.

കുറച്ചു പിന്നിട്ടതും ഒരു മെസ്സേജ് വന്നു:
I never felt like you are a stranger who came here for a work, will went after it is done. That is way you mingled with us.I felt like We are family, You are my one of the brothers. We will miss you. Hope to see you soon! :)

സ്നേഹം.
ഒരുപാടൊരുപാട് സ്നേഹം.


ഒരു ആന്ധ്ര പ്രണയം!

തിരിച്ചെത്തിയപ്പൊ എന്നേം കാത്ത് നമ്മുടെ ചാരിറ്റി അക്കൗണ്ടന്റ് നിൽപ്പുണ്ട്. വൈകിട്ട് ഞാൻ പോകുമെന്നറിഞ്ഞു വന്നതാണ്. കൂടെ ഒരു കൂട്ടുകാരനും.

അവസാനമായി നമുക്ക് ഒന്ന് കറങ്ങാമെന്നു പറഞ്ഞു പുറത്തിറങ്ങി. ഒരു ഇന്നോവയിൽ ആണ് വരവ്.

കൂട്ടുകാരന്റെ പേര് പ്രസന്നൻ. അവിടത്തെ ഒരു വലിയ ബിസ്സിനസ്സ്കാരന്റെ മകനാണ്. മുന്തിരി ഫാമും എക്സ്പോർട്ടുമെല്ലാമുണ്ട്.പുള്ളിയുടെ ആണ് വണ്ടി.

അവർ തമ്മിൽ എന്തൊക്കയോ തെലുങ്കിൽ സംസാരിയ്ക്കുന്നുണ്ട്. ഉപദേശിക്കുന്ന പോലുണ്ട്.

കറക്കം കഴിഞ്ഞു റെഡ്ഡി ബ്രോയുടെ ഓഫീസിലെത്തി. വിശാലമായ ഒരു റൂം, ഓഫീസാക്കി മാറ്റിയിരിക്കുന്നു. അവിടെയാണ് താമസവും. ഒരു അസിസ്റ്റന്റുണ്ട്.

അവിടെ നിന്നിറങ്ങാൻ നേരം:
Do you understand what I was talking to that munthiriwala?
He had tried to commit suicide.
I was advising and motivating him.

ഹാ, വെല്ല തേപ്പുമാകും.

റെഡ്ഡി ബ്രോയുടെ അനിയത്തിയുടെ കല്ല്യാണമാണ്. പോകുന്ന വഴിയിൽ അളിയനെ കണ്ടു.

അനിയത്തി ബാങ്കിൽ നിൽപ്പുണ്ട്. ഓളെ കാണാൻ അങ്ങോട്ട് പോയി. അവിടെ എന്തൊക്കയോ ചെക്കെല്ലാം മാറി പുറത്തിറങ്ങിയപ്പൊ അനിയത്തിയെ കൂട്ടാൻ കൂട്ടുകാരി വന്നു.
ഷാളുകൊണ്ട് മുഖമെല്ലാം മറച്ചു, ഒരു സ്കൂട്ടിയിലാണ് വരവ്.

അവർ പോയപ്പൊ: Afsal you know, everything is a dot connection!

പുള്ളിയെന്താ ഉദേശിച്ചത് എന്ന് മനസ്സിലായില്ല. ആഹാരം കഴിക്കാൻ നിർത്തിയപ്പൊ ആ കഥ പുള്ളി പറഞ്ഞു.

ഈ വന്ന കുട്ടിയും നമ്മുടെ മുന്തിരിവാലയും തമ്മിൽ പ്രണയത്തിലായിരുന്നു. ജാതിയുടെ എന്തൊക്കയോ പ്രശ്നങ്ങൾ കാരണം അവർ തമ്മിൽ ബ്രേക്ക്അപ്പ് ആയി. അത് കാരണമാണ് നമ്മുടെ നായകൻ ആത്മഹത്യക്ക് ശ്രമിച്ചത്!

നായകന് ഓളെന്നു വെച്ചാ ജീവനാ, ഓളെ കാണണം സംസാരിക്കണം എന്നെല്ലാം ഇപ്പോളും റെഡ്ഡി ബ്രോക്ക് മെസ്സേജ് അയച്ചോണ്ടിരിക്കാ. ഓളിച്ചിരി ബോൾഡ് ആണ്.

അല്ലേലും ആത്മാർത്ഥ പ്രണയമെല്ലാം ഔട്ട് ഓഫ് ഫാഷൻ ആകുകയാണല്ലോ!

ഇന്നലെ റെഡ്ഡി ബ്രോക്ക് നമ്മുടെ നായകൻ ഒരു മുട്ടായി വാങ്ങി കൊടുത്തു. ഞാൻ വീട്ടിൽ ചെന്നപ്പൊ റെഡ്ഡി ബ്രോ അത് എനിക്ക് തന്നു. ബാങ്കിൽ വെച്ച് ഞാനത് അനിയത്തിക്ക് കൊടുത്തു. വന്നപാടെ അനിയത്തിയിൽ നിന്നും നമ്മുടെ നായിക അത് വാങ്ങി.

ട്വിസ്റ്റ്.
ശുഭം.







ഒരു തേപ്പ് കഥ!

We can go to University. Wash your face. Get ready!
വീണ്ടും ജീവൻ വന്നു തട്ടിവിളിച്ചു.

വൈസ് ചാൻസിലറിനെയോ പ്രിൻസിപ്പാലിനെയോ കാണാൻ പോകുവായിരിക്കും.

ഡ്രസ്സെല്ലാം അഴുക്കാണ്,  ഉള്ളതിൽ നല്ലത് നോക്കി ഇട്ടു, ബൈക്കിൽ കയറി.

10കിലോമീറ്ററോളം വണ്ടിയോടിച്ചു അവിടെത്തി.

500 ഏക്കറോളമുള്ള വിശാലമായ ഷോറൂം.
അല്ലു അർജുൻ സിനിമകളിൽ കണ്ടിട്ടുള്ള പോലെയുള്ള റൊമാന്റിക് ഹീറോകളേയും റൗഡി വില്ലനേയും മോഡേൺ പെൺകുട്ടികളേയും പ്രതീക്ഷിച്ചാണ് ചെന്നത്.

പ്രതീക്ഷകൾ ആസ്ഥാനത്തു.
ശാന്തമായ കോളേജ്. നാടൻ കുട്ടികൾ.

കോളേജ് ഒന്ന് വലംവെച്ചു ഒരു ഹോസ്റ്റലിനു മുന്നിൽ നിർത്തി.

Scholars Hostel.
ഏതോ ഒരു മഹാനെ കാണാൻ പോകുക തന്നെ.

രണ്ടാം നിലയിൽ.
മൂന്നാം നിലയിലേക്ക് കയറാൻ പോയ എന്നെ ജീവൻ തടഞ്ഞു.
സ്റ്റെപ്പിന്റെ സൈഡിൽ ആരോടോ സംസാരിക്കുകയാണവൻ.

അവിടെ ഡ്രസ്സ് അലക്കി തേച്ചു കൊടുക്കുന്ന ചേട്ടൻ ആണ്. ആ പരിചയം പുതുക്കുവാകും.

പുറത്തു കാഴ്ചകൾ കണ്ടങ്ങനെ നിന്നപ്പൊ ഒരു ഭയ്യാ വിളി. ആ ട്യൂൺ കേട്ടാലറിയ ജീവൻ തന്നെ.

രണ്ടു വലിയ കവറുകൾ കയ്യിൽ തന്നിട്ട്: I driving, cant hold. Please take.

ഹാ, ഈ അലക്കി തേച്ച ഡ്രസ്സ് എടുക്കാനായിരുന്നോ ഉറക്കത്തിൽ നിന്ന് എന്നേം വിളിച്ചുണർത്തി വന്നത്!
അതും 10കിലോ മീറ്റർ താണ്ടി!
ബെസ്റ്റ് കണ്ണാ ബെസ്റ്റ്!

തിരിച്ചുള്ള യാത്രയിൽ ജീവൻ ഇടക്കിടക്ക് ചോദിക്കുന്നുണ്ട്: Afsal Bhayyaa, are you okey?

പിന്നെ പരമ സുഖല്ലേ!




സ്നേഹത്തിന്റെ ചന്ദ്രനിലാവ്!


ഉച്ചയായപ്പൊ ചന്ദ്ര വന്നു.
മുഖത്തൊരു വിഷമം.

അവൻ ഇതിൽ പങ്കെടുക്കാൻ വന്നതാണ്. താമസിച്ചു പോയി.

രാവിലെ കോളേജിൽ എക്സാം ഉണ്ടായിരുന്നു. മഴ പെയ്തത് കൊണ്ട് ഒരു മണിക്കൂർ താമസിച്ചാണ് എക്സാം തുടങ്ങിയത്.

ജയിക്കാൻ വേണ്ടത് എഴുതി, ഓടിപ്പിടച്ചു ഇവിടെ എത്തിയപ്പൊ എല്ലാം കഴിഞ്ഞു.

ചന്ദ്ര രണ്ടു ദിവസമായി കൂടെയുണ്ട്. നിഷ്കളങ്കമായ ചിരി. ഒരു പാവം.

അവിടെയുള്ള മിക്ക ജോലിയും അവനാണ് ചെയ്യുന്നത്. ഭക്ഷണം ഉണ്ടാക്കും വീട് വൃത്തിയാക്കും അങ്ങനെയെല്ലാം.

ഭരത്തും ജീവനും എന്തു പറഞ്ഞാലും അവൻ അപ്പൊ ചെയ്യും. ഭാഷ മനസ്സിലായില്ലെങ്കിലും അവർ പലപ്പോഴും അവനെ വഴക്കുപറയുന്നതായി തോന്നിയിട്ടുണ്ട്.

തലകുനിച്ചു എല്ലാം കേൾക്കും. സോറി പറയും.

എനിക്കവനെ ഒരുപാട് ഇഷ്ടായി.
എന്റെ എല്ലാ കാര്യവും അവനാണ് നോക്കിയത്.

കഴിക്കാൻ ഇരുന്നാൽ ചോറു വിളമ്പി തരും കിടക്കാൻ നേരം പായ വിരിച്ചിടും. മഴ നനഞ്ഞു ചെറുതായൊന്ന് പനിപിടിച്ചു, ജലദോഷമായപ്പൊ ഓടിപോയി ഫാനും ഓഫാക്കി വിക്‌സുമായി വന്നു. അവൻ ചെയ്യുന്ന ഓരോ ചെറിയ കാര്യത്തിലും ഒരു സ്നേഹമുണ്ട്.

നാളെ ഞാനിവിടുന്ന് പോകുമ്പോൾ ഏറ്റവും അധികം മിസ്സ് ചെയ്യുന്നത് അവനെയായിരിക്കും.

നാളെ ഭരത് ഡൽഹിയിൽ പോകുകയാണ്. ഭരത്തിന്റെ ബാഗിൽ ഡ്രസ്സുകൾ എടുത്തു വെച്ചോണ്ടിരിക്കെ അവൻ പറഞ്ഞു: You are also going tomorrow? We are like family. I will miss you.

നിനക്കായി എന്റെ കയ്യിൽ ഒന്നുമില്ല.
ഒരുപാട് സ്നേഹം ❤.




Monday, April 6, 2020

ഓരോരോ ആചാരങ്ങൾ!


ഒന്ന് പുറത്തിറങ്ങി വന്നപ്പൊ ഹാൾ നിറച്ചും ആളുകൾ. സ്റ്റേജും.

നമ്മുടെ നാട്ടിൽ ഏറ്റവും പ്രധാനപ്പെട്ട ആള് ആദ്യം സംസാരിക്കും പിന്നെ അതിൽ താഴെയുള്ള ആൾ, അങ്ങനെ വരും.
ഇവിടെ നേരെ തിരിച്ചാണ്.

അദ്യത്തെ തന്നെ ഒരുമണിക്കൂറെടുത്തു.

അടുത്തത് ആദരിക്കലാണ്.
സ്റ്റേജിലുള്ള എല്ലാരും അങ്ങോട്ടുമിങ്ങോട്ടും ആദരിക്കും.

ആദരിക്കേണ്ട ആളെ ഒരു കസേരയിൽ ഇരുത്തും.
എല്ലാരും ചുറ്റും കൂടും.
ഒരാൾ ബെഡ്‌ഷീറ്റ് അണിയിക്കും.
ഒരാൾ ഒരു പൂച്ചെണ്ട് കൊടുക്കും.
ഒരാൾ മൊമെന്റോ കൊടുക്കും.
ഒരാൾ തലയിൽ പൂവിടും.
എല്ലാരും അയാളുടെ ദേഹത്തു കൈവെക്കും.
ഫോട്ടോ എടുക്കും.
തീർന്നു.
അങ്ങനെയാ ഓരോ ആളുകളുടേയും.

നമ്മുടെ ജീവനെ ആരാധിച്ചപ്പൊ ഒരു സന്തോഷം തോന്നി.
ഇച്ചിരി ഓവർ ആയിട്ട് തോന്നി.

ഇത് ഒരു ചെറിയ പരിപാടിയാണ്. അതിന് അവസാനം സംസാരിക്കാൻ വന്ന പത്തോളം പേരെ ആദരിക്കാൻ.

ഇതു കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു വേണം പിള്ളാർക്ക് റിസൾട്ട് അറിയാൻ.

അവസാനം റിസൾട്ട് പറഞ്ഞു.
രോഹിത്തിന് സെക്കന്റും സുബ്ഹാന് പ്രോത്സാഹന സമ്മാനവും.
സന്തോഷം.

നല്ല പോലെ സംസാരിച്ച കുട്ടികളെ അഭിനന്ദിക്കുകയും
അവരുടെ തെറ്റുകൾ പറഞ്ഞു കൊടുക്കുകയും ചെയ്യുന്നുണ്ട്.

മത്സരിച്ച എല്ലാർക്കും സർട്ടിഫിക്കറ്റും.
എല്ലാർക്കും സന്തോഷം.





അനന്തപൂരിന്റെ ഭാവി!

ശിവകുമാർ സാറിന്റെ ക്ഷണമനുസരിച്ച് പരിപാടിക്കെത്തി.

അനന്തപൂരിലെ പല സ്ഥലങ്ങളിൽ നിന്നായി നൂറുക്കണക്കിന് കുട്ടികൾ.അവിടെയെത്തിയപ്പോളാണ് പറയുന്നത് അവരോട് സംസാരിക്കണമെന്ന്.

അവിടെ നടക്കുന്ന പരിപാടി.
Declamation Contrast on Patriotism and Nation Building.

Declamation എന്താണ് പോലും എനിക്കറിയൂല. ഇതുവരെ സംസാരിക്കുന്ന ഒരു പരിപാടിയിൽ പോലും പങ്കെടുത്തില്ല, ക്ലാസെടുക്കാൻ പോയിട്ടുമില്ല.

ഒന്നിനും പ്രിപേർഡ് അല്ല, ചെയ്തില്ലേൽ നാണക്കേടുമാണ്. അവസാനം സമ്മതിച്ചു.

രണ്ടും കല്പിച്ചു, എന്റെ വളണ്ടിയറിങ്ങ് ജേർണിയെ കുറിച്ചും ഇപ്പോഴത്തെ യാത്രയെ കുറിച്ചും ഗുൽമോഹറിനെ പറ്റിയുമെല്ലാം മനസ്സിൽ വന്നത് പറഞ്ഞൂ.

എങ്ങനെയോ തീർത്തു നന്ദിയും പറഞ്ഞു വന്നിരുന്നു. അവർ കൈയ്യടിച്ചോ ഇല്ലയോ എന്ന് പോലും അറിയില്ല.

ആദ്യമായാണ് ഒരു എക്സ്പീരിയൻസ് ഷെയറിംങ്.
വന്നിരുന്നത് രോഹിത്തിനും സുബഹാനും അടുത്താണ്. അവർ ഷേക്ക് ഹാന്റ് തന്നിട്ട് കൊള്ളാന്നെല്ലാം പറഞ്ഞു.
എന്നെ ആക്കിയതാണോ ആവോ?....

ഡിക്ലമേഷൻ കോമ്പറ്റിഷൻ തുടങ്ങി.
എന്നെ പോലെ തന്നെ ഇവർക്കും ഒരു ഐഡിയയും ഇല്ലെന്ന് തോന്നുന്നു.

സംഭവം elocution പോലെ തന്നെയാണ്. കുറച്ചൂടെ ഫീലിംഗ്സ് ഇട്ടു, ഹൃദയത്തിൽ നിന്നും പറയണം അതാണ് സംഭവം.

പലരും എന്തൊക്കയോ പറഞ്ഞു, ടോപ്പിക്കിലോട്ട് വന്നില്ല. എല്ലാരും മോദിയെ സ്തുതിക്കുകയാണ്.  കേരളത്തിലാണേൽ നേരെ തിരിച്ചായേനെ.
രോഹിതും സുബഹാനും മികച്ചു നിന്നു.

റിസൾട്ടിന് മുൻ മ്പ് ഉച്ചയൂൺ.
പെൺകുട്ടികൾ ആദ്യം പോയി വരി നിന്നു ശേഷം ആൺകുട്ടികൾ. നിയന്ത്രിക്കാൻ ആരുമില്ല. എല്ലാം സമാധാനത്തിൽ അറിഞ്ഞു ചെയ്യുന്നു.
നമ്മുടെ നാട്ടിൽ ആയിരുന്നെങ്കിലോ?

സ്നേഹമുള്ള പിള്ളേരാണ്.
പലർക്കും ഡിക്ലമേഷൻ എന്താണെന്ന് അറിയില്ലെങ്കിൽ പോലും ഇവിടെ വന്ന് സംസാരിക്കാൻ കാണിച്ച ധൈര്യം സമ്മതിക്കണം.

ഈ മത്സരത്തിൽ വിജയിക്കുന്നവരെ സ്റ്റേറ്റിലേക്കും അവിടെ നിന്നും നാഷണൽ കോണ്ടസ്റ്റിലേക്കും വിടും.

അടുത്ത വർഷമാണ് പ്രോഗ്രാം അതിനുള്ള ട്രൈനിംങ് ഇവർ നൽകും. നമ്മുടെ ഭരത്ത് അതിലെ ഒരു വിജയിയാണ്.

ആ കുട്ടത്തിൽ ഒരു മലയാളിയുണ്ട്. അനന്ത പൂർ മെഡിക്കൽ കോളേജിലെ തൃശ്ശൂർക്കാരി.

ഫസ്റ്റ് ഇയർ ആയിട്ടുള്ള ഓളും ഇവിടത്തെ NSS പരിപാടികളിൽ സജീവമാണ്. ഇവരുടെ കോളേജിലെ പ്രോഗ്രാം ഓഫീസർക്കാണ് ഇന്ത്യയിലെ Best Programme Officer അവാർഡ് ഈ വർഷം കിട്ടിയത്.

രോഹിതും സുബഹാനും കൂടെ കൂടി. അവരോടൊപ്പം ഒന്ന് കറങ്ങി.





മഴയിലൊരു കളി, കളിയൊരു മഴ!

രാത്രിയോടെ നമ്മുടെ ചാരിറ്റി അക്കൗണ്ടന്റ് വന്നു. കാല് നല്ലപോലെ നീരടിച്ചിരിപ്പുണ്ട്.

കൂടെ അനിയനുമുണ്ട്.
ഓന്റെ പിറന്നാളാണ്.

Jaya.
+1 ഇൽ പഠിക്കുന്നു.
കണ്ടാൽ ഒരു കൊച്ചു കൊച്ചിനെ പോലുണ്ട്.

അവനെന്നെ ഒരു അത്ഭുത ജീവി എന്നോണം നോക്കിക്കൊണ്ടിരുന്നു.

അവിടിരുന്നു ഒരു ക്രിക്കറ്റ് ബാറ്റുനോക്കി അവൻ എന്തൊക്കയോ പറഞ്ഞു. കളിച്ചിട്ട് വർഷങ്ങളായെന്ന് ഞാനും.

നാളെ രാവിലെ കളിക്കാൻ പോകാമെന്നെല്ലാം പറഞ്ഞ് അവർ പോയി.

സുഖ നിദ്ര.

ഫോണിന്റെ ശബ്ദം കേട്ടാണ് ഉണർന്നത്.
Devakinath Reddy.

പത്തു മിനിറ്റിൽ എത്തും, വേഗം റെഡിയായി താഴെ വരുക.

ഞനൊരു തമാശക്ക് പറഞ്ഞയാണ്, പുള്ളി സീരിയസ് ആയോ?

പല്ലുതേപ്പും കഴിഞ്ഞു പുറത്തിറങ്ങിയപ്പൊ അവരും ബൈക്കിൽ വരുന്നുണ്ട്. ജയയുടെ കയ്യിലൊരു ബാറ്റും ഷട്ടിലും.

മഴ ചാറുന്നുണ്ട്. മാസങ്ങൾക്ക് ശേഷമാണ് ഇവിടെ മഴ. നല്ല സുഖമുള്ള കാറ്റും.

ഗ്രൗണ്ടെത്തി.
ആകെ ഒരാൾ. അതിനുചുറ്റും നടക്കുന്നു.

ആദ്യം ക്രിക്കറ്റ്.
ഞാൻ ബാറ്റിംഗ്.

കളി തുടങ്ങി. ഫീൽഡിംങ് ചെയ്യുവായിരുന്ന ജയയോട് അയാൾ എന്തോ സംസാരിച്ചു.
ജയ ഷട്ടിൽ ബാറ്റുമെടുത്തു കൂടെ പോയി.

വർഷങ്ങൾക്ക് ശേഷമുള്ള കളിയാണ്. സമയം കിട്ടാറില്ല.
അങ്ങനെ മഴയെ വകവെക്കാതെ കളി തുടർന്നു.

ഒരു മണിക്കൂർ ആകാറായപ്പൊ മറ്റവർ കളി നിർത്തി. ഞങ്ങളും.

ജയയുടെ തോളിൽ കയ്യിട്ട് അയാൾ എന്തൊക്കയോ ഉപദേശിക്കുന്നു. ഞങ്ങളും കൂടി.

Heartfull എന്ന ഒരു സംഘടനയിലെ ഒരു ട്രൈനർ ആണ് പുള്ളി. ഹൃദയത്തിന്റെ മെഡിറ്റേഷനുമായി ബന്ധപ്പെട്ട ക്ലാസ്സുകളും പരിശീലനവും നൽകുന്ന ആളാണ് പുള്ളി.

ആന്ധ്രയിലെ സ്കൂളുകളിൽ സർക്കാരുമായി ചേർന്ന് സൗജന്യ ക്ലാസെല്ലാം എടുക്കുന്നുണ്ടവർ. അല്ലാത്തവർക്ക് രണ്ടായിരം രൂപ. നമുക്ക് അങ്ങനെ ഫ്രീയായൊരു അരമണിക്കൂർ ക്ലാസ് കിട്ടി.

അവർ എന്നെ പുള്ളിക്ക് പരിചയപ്പെടുത്തി. പ്രവത്തനങ്ങളേയും യാത്രയേയും പറ്റി പറഞ്ഞു.

പുള്ളിക്കെല്ലാം ഇഷ്ടായി. ഇത്രയും വയസ്സായിട്ടും തനിക്കൊന്നും ചെയ്യാൻ പറ്റിയില്ലല്ലോ എന്ന വിഷമം പുള്ളിക്ക്.

പുള്ളി ഒരു വക്കീൽ കൂടിയാണ്. വാപ്പയും വക്കീലാണെന്ന് പറഞ്ഞപ്പൊ:
He must be really proud of you!

ശെരിക്കും?

പുള്ളിയുടെ വീട് അപ്പുറമാണ്, ചായ കുടിക്കാൻ വിളിച്ചിട്ടുണ്ട്.
ജയക്ക് സ്കൂളിൽ പോകാൻ നേരമായി, ഞങ്ങൾ പിരിഞ്ഞു.

9 മണിയായിട്ടില്ല, അവരുടെ ഫോണിൽ ഒരു കോൾ വന്നു.
ജയ സ്കൂളിൽ വന്നിട്ടില്ല എന്താ കാര്യമെന്നറിയാൻ ടീച്ചർ!

എന്നോടൊപ്പം കളിക്കാൻ വേണ്ടി രാവിലത്തെ ക്ലാസും കട്ട് ചെയ്തിട്ടാണ് വരവ്. നീരടിച്ച കാലുമായാണ് റെഡ്ഡി സാറിന്റെ ഓട്ടവും ചാട്ടവും.

എന്താ പറയ്യാ. ഒരുപാട് സ്നേഹം.








തലവൻ!

രാവിലെ തന്നെ വിളിച്ചുണർത്തി കുളിപ്പിച്ചു, ഭരത്തും, ജീവനും എന്നെ ഒരിടത്തേക്ക് കൊണ്ട് പോയി.

Nehru Yuva Kendra.

അനന്തപൂരിലെ എല്ലാ പ്രവത്തങ്ങളും ഇവരുടെ കീഴിലാണ് ചെയ്യുന്നത്. രണ്ടു വർഷവമായി ഫേസ്ബുക്കിൽ എല്ലാത്തിനും സാക്ഷിയാകുന്നുണ്ട്.

അകത്ത് എന്നേം കാത്തൊരാൾ ഇരിപ്പുണ്ട്. അനന്തപൂരിന്റെ എല്ലാമെല്ലാമായ ഒരാൾ. പുള്ളിയുടെ കരങ്ങളാണ് എല്ലാത്തിനും പിന്നിൽ.

D Siva Mohan.
UNV District Youth Co-ordinator, Anatapur.

അദ്ദേഹവും എന്റെ ഫേസ്ബുക്ക് സുഹൃത്താണ്. സംസാരിച്ചില്ലെങ്കിലും എല്ലാ പ്രവർത്തനങ്ങളും ഫേസ്ബുക്ക് വഴിയും ഭരത്ത് വഴിയും അറിയുന്നുണ്ട്.

വളരെ നല്ല മനുഷ്യൻ. ആശയങ്ങൾ. പ്രവർത്തികൾ.

കഴിഞ്ഞ ഒരുവർഷം മാത്രം അവർ 200ഓളം പരിപാടികളാണ് ചെയ്‌തത്‌. രാഷ്ട്രപതിയുടെ കയ്യിൽ നിന്നുൾപ്പടെ ഒരുപാട് നാഷണൽ അവാർഡുകളും നേടിയിട്ടുണ്ട്.

ഇവിടെ അദ്ദേഹമാണ് വലുത് ബാക്കിയുള്ളവർ കീഴിലാണ് എന്ന ഒരു ചിന്തയോ, ഈഗോ പ്രേശ്നമോ ഇല്ല എല്ലാരും ഒന്നിച്ചു നിന്നു പ്രവർത്തിക്കുന്നു, അതിന്റെ ഫലം അവർക്കു കിട്ടുന്നു.

ഒരുപാടുണ്ട് ഇവിടത്തെ വിശേഷങ്ങൾ.

നമ്മുടെ പ്രവർത്തികളെ പറ്റിയറിയാനും അനുമോധിക്കാനായും പുള്ളി മറന്നില്ല. ഒരു യൂത്ത് എക്സ്ചേഞ്ച് പ്രോഗ്രാമെന്ന ആശയം മനസ്സിലുദിച്ചു.

പുള്ളിയുടെ സമ്മാനമായി ഒരു ബുക്കും സമ്മാനിച്ചു നാളത്തെ പരിപാടിയിലേക്ക് ക്ഷണിച്ചു പുള്ളി സ്നേഹപൂർവം യാത്രയാക്കി.



യുവജനങ്ങൾക്കായി!

അനന്തപൂരിലെ യുവജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രണ്ടു സംഘടനകളെ പരിചയപ്പെടാനാണീ യാത്ര.

Pradhan Matri Kaushal Kendra

മോഡി സർക്കാർ 2016 ൽ Skill India യുമായെല്ലാം ബന്ധപെട്ടു തുടങ്ങിയ ഒരു പദ്ധതിയാണ്.

യുവജനങ്ങൾക്ക് സൗജന്യ തൊഴിൽ പരിശീലനവും ശേഷം കമ്പനികളിൽ  ജോലിയും നൽകുന്ന ഒരു കേന്ദ്ര സർക്കാർ സ്ഥാപനമാണ്. മുന്നു വർഷത്തിനിടയിൽ 2900+ ആളുകൾ പഠിച്ചിറങ്ങി. 56% ആളുകൾക്കും ജോലികിട്ടി.

ഇതിന്റെ അനന്തപൂരിലെ കോ-ഓർഡിനേറ്റർ സായി സർ വളരെ വിശദമായി കാര്യങ്ങൾ പറഞ്ഞു തന്നു.

നാട്ടിലും ഇതുപോലൊന്നുണ്ട് ഇതുവരെ കേറിയിട്ടില്ലാ, എന്താ സംഭവം എന്നു പോലുമറിയില്ല. നല്ല ഒരു ആശയമാണ്, ആളുകളിലേക്ക് എത്തുന്നില്ല.

അവിടെ നിന്നും അടുത്ത സ്ഥലത്തേക്ക്.

Rural Development and Self Employment Training Institute.

PMKK പോലെ തന്നെയാണ്, പക്ഷേ പ്രൈവറ്റ് സ്ഥാപനമാണ്. റൂറലായ സ്ഥങ്ങളിലെ യുവജനങ്ങൾക്കാണ് ഇവർ ഊന്നൽ നൽകുന്നത്.

തിരഞ്ഞെടുക്കുന്ന 30 പേർക്ക് സൗജന്യ തൊഴിൽ പരിശീലനത്തോടൊപ്പം ഭക്ഷണവും താമസവും. ഒരു മാസത്തെ കോഴ്സ്.
പഠനശേഷം അവർക്കുവേണ്ട ലോണും ഇവർ നൽകും.

ഇതിന്റെ ഡയറക്ടർ സാർ ഉഷാറാണ്. തുടക്കം മുതലുള്ള കഥകളും പ്രവർത്തനങ്ങളും പറഞ്ഞു തന്നു. കണ്ണൂരും ഇവരുടെ ഒരു സ്ഥാപനമുണ്ട്.

ഈ രണ്ടു സംഘടനകളും ഇവിടത്തെ ജനങ്ങൾക്കുവേണ്ടി ഒരുപാട് പ്രവർത്തങ്ങൾ ചെയ്യുന്നുണ്ട്. ഒരു ആചാരമായല്ല, അവരുടെ ഉത്തരവാദിത്വമായി കണ്ട്.

അവർക്കു വേണ്ട എല്ലാ പിന്തുണയും നൽകികൊണ്ട് NKYS ഉം കുടെയുണ്ട്

ഊണിന് ക്ഷണിച്ചെങ്കിലും സ്നേഹത്തോടെ നിരസിച്ചു കൊണ്ട് യാത്ര തിരിച്ചു.....









അനന്തപൂരിന്റെ ജീവൻ!

രാവിലെ എട്ടുമണിയോടെ ജീവൻ തട്ടിയുണർത്തി.
ഇന്ന് കുറേ ആളുകളേയും സംഘടനകളേയും പരിചയപ്പെടാൻ പോകേണ്ടതുണ്ട്.

മുംബൈയിൽ ഭരത്തിനൊപ്പം iVolunteer Award വാങ്ങാൻ വന്നപ്പോളാണ് ജീവനെ ആദ്യമായി കാണുന്നത്.
നിഷ്കളങ്കമായ ചിരി. സ്നേഹം.

അനന്തപൂരിലെ രണ്ടാമൻ.
ഭരത്തിന്റെ ജീവൻ. വലംകൈ.
Vision Youth Association എന്ന സംഘടനയുടെ പ്രസിഡന്റ്.

50 മണിക്കൂർ Swachh Bharath Summer Internship ന് ഇന്ത്യയിലെ ഏറ്റവും നല്ല പ്രവർത്തനത്തിനുള്ള പട്ടും വളയും പ്രസിഡന്റിന്റെ കയ്യിൽ നിന്നും വാങ്ങിയിട്ടുള്ള വരവാണ്.

നമ്മൾ ചെയ്ത 200 മണിക്കൂർ SBSI പ്രവർത്തനങ്ങൾ ഇപ്പോളും ജില്ലാ കോർഡിനേറ്ററിന്റെ മെയിലിൽ ഭദ്രമായി കിടപ്പുണ്ടാകും.

എന്നെ സ്റ്റേഷനിൽ വിളിക്കാൻ വന്നതും ആഹാരമുണ്ടാക്കി തന്നതും ജീവനാണ്.

ഒരു ഓൾ-റൗണ്ടറാണ്. അഫ്സൽ ഭയ്യാ എന്ന വിളിയുമായി ഏതൊരാവശ്യത്തിനും കൂടെ കാണും.

ജീവന്റെ കൂടെ ഇവിടത്തെ സംഘടനകളേയും പ്രവർത്തകരേയും കാണാൻ ബൈക്കിൽ യാത്ര തിരിച്ചു.






ചാരിറ്റി അക്കൗണ്ടന്റ്!

ഭരത്തിന്റെ വീട് ഇവിടെ നിന്നും 40 കിലോമീറ്ററുണ്ട്.

പഠനത്തിന് വേണ്ടി ഇവിടെ വന്നതാണ് പിന്നെ പ്രവർത്തനങ്ങളുമായി ഇവിടെ കൂടി. ഈ റൂമാണിപ്പൊ ഇവരുടെ ഓഫീസും.

ഊണും ഉറക്കവുമെല്ലാം ഇവിടെത്തന്നെയാണ്. കൂട്ടിന് ജീവനും, ചന്ദ്രയും.

ഉറങ്ങിക്കിടന്ന എന്നെ വൈകുന്നേരത്തോടെ ഒരു മനുഷ്യൻ വന്നു വിളിച്ചു.

Devakinath Readdy.
Chartared Accountant ആണ്, ഇവരുടെ സംഘടനക്ക് വേണ്ടി പ്രവർത്തിക്കുന്ന കൊണ്ട് Charity Accountant എന്ന് വിളിക്കും.
ബാക്കിയെല്ലാരും മറ്റന്നാൾ നടക്കുന്ന പരിപാടിയുടെ തിരക്കിലാണ്. എന്നെ നാടുകാണിക്കാൻ വന്നതാണ് പുള്ളി.

ആറുമണിയോടെ ബൈക്കിൽ എന്നേം കൊണ്ട് ഒരു പാർക്കിലേക്ക്.

ഞായറാഴ്ചയാണ് ആ നഗരം മുഴുവൻ അവിടെയുണ്ടെന്ന് തോന്നും.

എങ്ങും ഓരോ കൂട്ടങ്ങൾ. വട്ടത്തിലിരുന്ന് കഥപറയുന്നവർ.
അല്ലാഹ്, നമ്മുടെ സ്റ്റോറി സർക്കിൾ!

ഒരു ഓപ്പൺ ജിം. കുട്ടികളെക്കാൾ കൂടുതൽ മുതിർന്നവരാണ് അതിൽ പണിയെടുക്കുന്നത്. ഞാനുമൊന്ന് വിയർപ്പൊഴുക്കാൻ നോക്കി. മനസ്സ് എത്തുന്നടുത്തു ശരീരമെത്തുന്നില്ല.
പലപല കളികളിൽ ഏർപ്പെട്ടിരിക്കുന്ന കുട്ടികൾ.

ഇതുപോലുള്ള സ്ഥലങ്ങളും കൂട്ടങ്ങളും കളികളും തമാശകളും നമ്മുടെ നാട്ടിൽ വിരളമാകുകയാണ്.

റെഡ്ഡിയണ്ണൻ അവിടെയുള്ള കുട്ടികളെ കയ്യിലാക്കി. ഒന്നരമണിക്കൂറോളം പലകളികളുമായി അവരോടൊപ്പം കൂടി. ഇടയ്ക്കിടക്ക് കാല് മസിലുപിടിച്ച് വീഴുന്നുണ്ട് പുള്ളി. കുട്ടികൾ മസ്സാജ് ചെയ്തു കൊടുക്കുന്നുണ്ട്.

കുട്ടികൾ പുള്ളിയുടെ ഒരു വീക്നസ്സാണ്. ഒഴിവുസമയങ്ങളിൽ കുട്ടികളെ പഠിപ്പിക്കുണ്ട്, സൗജന്യമായി.

പിന്നെ പുള്ളിയും ഒരു കുട്ടിയാണ്. നിർത്താം പഠിക്കണമെന്ന ആഗ്രഹവുമായി ഒരിടത്ത് ചേർന്നിട്ടുണ്ട്. തുറുപ്പ് ഗുലാനിലെ സീനാണ് ഓർമ്മവന്നത്.

വീട്ടിലെത്തി പുള്ളിക്ക് ഒട്ടും നടക്കാൻ വയ്യ. കാലും പൊക്കി ഞങ്ങളോടൊപ്പം കഥകൾ പറഞ്ഞു കിടന്നു.
ഉടനെ കല്ല്യാണമുണ്ട്, ഹണിമൂൺ കേരളത്തിൽ വരാനാണ് പ്ലാൻ.

രണ്ടുമണിയായപ്പൊ എനിക്കും ഉറക്കം വന്നു. ഭരതും, ജീവനും എപ്പോളും കംപ്യൂട്ടറിനു മുന്നിലാണ്.








മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....