Saturday, February 29, 2020

ആത്മീയ നഗരി!


ആകാശ് എന്നെ കൊണ്ടാക്കിയത് സുവർണ്ണ ക്ഷേത്രത്തിന്റെ മുന്നിലായിരുന്നു.

ഇത്രയും നേരം കണ്ട പഞ്ചാബ് അല്ലായിരുന്നു അത്, വേറെ ഏതോ ലോകത്ത് എത്തിയ പോലെ. നല്ല വൃത്തിയുള്ള മനോഹരമായ നഗരം.

തല മറക്കാതെ അവിടെ കേറാൻ പറ്റില്ലെന്നാരോ പറഞ്ഞ ഓർമ്മയുണ്ട്.  അങ്ങനെ ഒരു തുണി വാങ്ങി തലയിൽ കെട്ടി. ചെരിപ്പ് അകത്തു കേറ്റില്ല, ഫ്രീ ആയി സൂക്ഷിക്കാൻ സ്ഥലമുണ്ട് അവിടെ വെക്കണം. അതിനു മെനക്കെടാതെ ഷൂ ബാഗിൽ വെച്ചു നടന്നു.

കാലു കഴുകി ഉള്ളിലോട്ട് കേറാൻ നേരം കുന്തം പിടിച്ച രണ്ടു പഞ്ചാബികൾ തടഞ്ഞു നിർത്തി. ഷൂ ബാഗിൽ വെച് കേറാൻ പറ്റില്ലത്രേ.  ഈ പഹയന്മാർ ഇതെങ്ങനെ കണ്ടു പിടിച്ചോ ആവോ.

അങ്ങനെ അത് കൊണ്ട് വെച്ചു അകത്തു കയറി. ആദ്യത്തെ നോട്ടത്തിൽ തന്നെ വല്ലാത്തൊരു പ്രകാശം. വെള്ളത്തിന്റെ നടുക്ക് പ്രൗഢിയോടെ നിൽക്കുന്ന സ്വർണ്ണ ക്ഷേത്രം.

എങ്ങും എന്തൊക്കയോ ഭക്തിഗാനങ്ങൾ മുഴങ്ങികേൾക്കുന്നു. ജനസാഗരം എന്നെല്ലാം പറയാം. എല്ലാരും പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നു. വല്ലാത്തൊരു ആത്മീയത.

കുറച്ചു നടന്നപ്പൊ കുളിക്കുന്ന സ്ഥലം കണ്ടു. രാവിലെ മുതലുള്ള തെണ്ടലാ, ദേഹം ചൊറിയുന്നുണ്ട്. അവിടെ കേറി കുളിക്കാമെന്ന് വെച്ചു. ഫുൾ സിഖ് ടീമ്സ്.

ഡ്രസ്സ് മാറ്റി മുണ്ടുടുത്തു, കുളിക്കാൻ ടാപ്പിന്റെ അടുത്ത് ചെന്നു. എല്ലാരും എന്നെ വല്ലാത്തൊരു നോട്ടം. ഇവന്മാര് 'മലയാളി ആണുങ്ങൾ' കുളിക്കുന്ന കണ്ടിട്ടില്ലേ?

തലയിൽ വെള്ളം വീണപ്പോളാ മനസ്സിലായത്, ഞാനാ തലയിലെ കെട്ട് മാറ്റാതയാണ് കുളിക്കാൻ പോയതെന്ന്.

അങ്ങനെ കുളി കഴിഞ്ഞു. മനസ്സും ശരീരവും ഒന്ന് തണുത്തു. ഒരു പോസിറ്റീവ് എനർജി.

കുളത്തിന്റെ അടുത്തുപോയിരുന്നു. മഞ്ഞ തലപ്പാവും അരയിൽ കത്തിയുമായി ഒരാൾ ഇരിക്കുന്നുണ്ട്. അവനോട് സംസാരിക്കാൻ നോക്കിയ എന്നോടിരുന്നു പ്രാർത്ഥിക്കാൻ പറഞ്ഞു.

അങ്ങനെ കുറേ നേരം അതിന്റെ സൗന്ദര്യവും ആസ്വദിച്ചു വേറേ ഏതോ ലോകത്തു എന്തൊക്കയോ ആലോചിച്ചിരുന്നു.

സമയം പതിനൊന്ന് കഴിഞ്ഞു, നല്ല ക്ഷീണമുണ്ട്. രാവിലെ 6 മണിക്ക് ട്രെയിൻ ഉണ്ട്. തലചായിക്കാൻ സ്ഥലം തപ്പി നടന്നു. ക്ഷേത്രത്തിന് എതിർവശം കൺകുളിർക്കെ കാണാവുന്ന രീതിയിൽ സ്ഥലമൊപ്പിച്ചു കിടന്നു.

കണ്ണു തുറക്കുമ്പൊ സമയം നാലുമണി കഴിഞ്ഞു. അവിടത്തെ തിരക്കിന് ഒരു കുറവുമില്ല.

മുഖമെല്ലാം കഴുകി അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പായി.

പുറത്തിറങ്ങിയതും റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാമെന്ന് പറഞ്ഞു ഒരു ഓട്ടോക്കാരൻ പിറകെ കൂടി. ഹിന്ദി നഹി മാലൂം കേട്ടപ്പോളേ ചോദിച്ചു 'Malayali/Tamil?'

അങ്ങനെ റെയിൽവേ സ്റ്റേഷൻ വരെയുള്ള യാത്ര തുടങ്ങി, കൂടെ ഒരു ജമ്മു കാശ്മീർകാരനുമുണ്ട്.

എന്റെ ഷർട്ടിലെ Singapore International Foundation കണ്ടിട്ട്, സിംഗപ്പൂർ ആണോ വീടെന്നറിയണം. പുള്ളി പഠിക്കാനെന്തോ സിഗപ്പൂരിലേക്ക് പോകുവാണ്. അതിനു മുൻപ്പ് പ്രാർത്ഥിക്കാൻ വന്നതാണ്. കട്ട ഇംഗ്ലീഷ്, ഒന്നും മനസിലായില്ലെങ്കിലും ഉറക്കപ്പിച്ചിൽ 'Ya, Ya' വെച്ചു അഡ്ജസ്റ്റ് ചെയ്തു.

ഡ്രൈവറോട് എന്തൊക്കയോ കാശ്മീർ പ്രേശ്നത്തെ പറ്റി സംസാരിക്കുന്നുണ്ട്. ഹിന്ദിയിൽ ആണ്. സ്റ്റേഷനിൽ എത്തിയിട്ട് സമാധാനത്തിൽ എല്ലാം തിരക്കാമെന്ന് വെച്ചു. ബസ് സ്റ്റോപ്പ് എത്തിയ പ്പൊ, പുള്ളി ടാറ്റയും പറഞ്ഞിറങ്ങി.

ദേശസ്നേഹത്തിന്റെ വാഗ!


കേട്ടറിവിനേക്കാൾ വലുതാണ്, അനുഭവങ്ങളുടെ വാഗ.

ഓരോ വന്ദേമാതരം വിളിയിലും രോമാഞ്ചം.

കൊച്ചുകുട്ടികൾ മുതൽ പടുവൃദ്ധർ വരെ ആഘോഷിക്കുകയാണ്.

അതിർത്തിക്കപ്പുറം നിൽക്കുന്ന ഇരുന്നൂറിനടുത്തു ആളുകളുടെ മുന്നിലേക്കു ഒറ്റ ശബ്ദത്തിൽ മുഴങ്ങുന്നത് അയ്യായിരക്കണക്കിന് ആളുകളുടെ ജയ് ഹിന്ദുസ്ഥാൻ വിളികൾ.

അഭിമാനം.ദേശസ്നേഹം.രോമാഞ്ചം.

അവിടത്തെ സ്റ്റാർ ഒരു ഏട്ടനായിരുന്നു.

ഇന്ത്യൻ പതാകയുമേന്തി നിറഞ്ഞു തുള്ളുകയാണ് പുള്ളി. ഇടയ്ക്കിടക്ക് ബാക്കിയുള്ളവരുടെ വെള്ളമെടുത്തു കുടിക്കുകയും പോപ്‌കോണിൽ കൈ ഇടുകയുമെല്ലാം ചെയ്യുന്നുണ്ട് പുള്ളി. എല്ലാരും അതെല്ലാം എൻജോയ് ചെയ്യുകയാണ്. നമ്മുടെ ബഡ്സ് സ്കൂളിലെ സൈദാലിയെ പോലുണ്ട്.

കുറച്ചുകഴിഞ്ഞപ്പൊ പട്ടാളക്കാര് വന്ന് പുള്ളിയെ പൊക്കിക്കൊണ്ട് പോയി. തിരിച്ചു വന്ന് അടങ്ങി ഒതുങ്ങി ഇരുന്ന്. പുള്ളിയെ കൊണ്ട് അടങ്ങിയിരിക്കാൻ പറ്റൂല, ദേ ആള് ഡാൻസ് തുടങ്ങി. അവസാനം പട്ടാളക്കാർ വന്ന് അവിടുന്ന് പുറത്താക്കി.

എല്ലാം കഴിഞ്ഞു ഇറങ്ങുമ്പൊ പുറത്തു നിൽക്കുന്നുണ്ട് പുള്ളി. പരിചയപെട്ടു, പേര് മറന്നുപോയി. മഹാരാഷ്ട്രയിൽ നിന്നും വന്നതാണ്.

അടുത്ത ലക്ഷ്യത്തിലേക്കുള്ള യാത്ര തുടങ്ങി. 35 കിലോമീറ്റർ താണ്ടി അവിടെയെത്തി. ആകാശിനോട് വിട പറയാൻ സമയമായി.

ഫുഡ് കഴിച്ചിട്ട് പോകാമെന്ന് പറഞ്ഞപ്പൊ: My wife is waiting in home!

What!? ഒന്ന് ഞെട്ടി.

ആകാശിന് 24 വയസ്സ്.
കല്യാണം കഴിഞ്ഞിട്ട് 2 വർഷം.
പ്ലസ്ടു പഠിക്കുന്നു.
പാർട്ട് ടൈം ജോലി ചെയ്യുന്നു.
അച്ഛൻ മരിച്ചു. അമ്മയ്ക്ക് സുഖമില്ല. ഒരു പെങ്ങളുണ്ട്.

ഒരു കുടുംബത്തിന്റെ ഭാരം മുഴുവൻ അവന്റെ തോളിലാണ്. ബഹുമാനം.

പോകാൻ നേരം അവൻ ഒരു കാര്യം കൂടെ പറഞ്ഞു. ഇത്രയും അടുത്തു കിടന്നിട്ടും അവൻ ആദ്യമായാണ് വാഗയിൽ വരുന്നത്. നന്ദി.

പിന്നേം രോമാഞ്ചം. അഭിമാനം.

സത്യത്തിൽ ഞാൻ അവനോടാണ് നന്ദി പറയേണ്ടത്. അവനെ ഞാൻ ആദ്യം ഒഴിവാക്കിയിരുന്നേൽ ആര് എന്നെ സഹായിക്കാൻ വരുമായിരുന്നു വാഗയിൽ?

 6 മണിക്കൂർ എന്റെ കൂടെ 70കിലോമീറ്ററോളം ആരെങ്കിലും വരുമോ?
വണ്ടി ഓടിച്ചിരുന്നേൽ ഇത്രയും റിസ്ക്കുമില്ല, പണവും കിട്ടും.

സത്യത്തിൽ അവൻ വന്നത് വാഗയിലെ ആ അഭിമാന നിമിഷം കാണാനാകാം. ഓരോ ഇന്ത്യക്കാരനും അത് കാണേണ്ട ഒന്നാണ്.

ഒരു അമൃതസർ  കുല്ച്ചയും കുല്ഫിയും കഴിച്ചു ഞങ്ങൾ പിരിഞ്ഞു. പുഞ്ചിരിയോടെ.

https://m.facebook.com/story.php?story_fbid=2224748634289106&id=100002619739923




വാഗയിലെ രക്തസാക്ഷി!


യാത്ര മദ്ധ്യേ അവനെ പരിചയപെട്ടു.

ആകാശ് കുമാർ. 12 ൽ പഠിക്കുന്നു. പാർട്ട് ടൈം ആയി വണ്ടി ഓടിക്കുന്നു.
ഇന്ന് സ്കൂളിൽ പോയില്ലേ എന്ന ചോദ്യത്തിന് ചിരി.

പച്ച പരവതാനിക്ക് നടുവിലൂടെയുള്ള റോഡ്. നല്ല കട്ട ചൂട്. ബാഗിന്റെ വെയ്റ്റ്. 30കിലോമീറ്റർ സഞ്ചരിച്ചു അവിടെ എത്തിയപ്പോൾ തന്നെ ക്ഷീണിച്ചു.

കയ്യിലെ വെള്ളം തീർന്നു. അമൃത്‌സറിൽ എത്തിയിട്ട് കഴിക്കാമെന്ന് വെച്ചയാ, ATM തപ്പിയുള്ള ഓട്ടത്തിൽ മറന്നു.

വാഗ എത്തി. ബൈക്ക് പാർക്ക് ചെയ്യാനായി പോയ ആകാഷിനെ കാണുന്നില്ല. ചെന്ന് നോക്കിയപ്പൊ അവിടിരുന്ന് ഫോണിൽ കളിക്കുന്നു. എന്റെ കൂടെ വരുന്നില്ലേ എന്ന ചോദ്യത്തിന് പൈസ ഇല്ലെന്ന് മറുപടി. അവനെ അത്രേം നേരം പോസ്റ്റ് ആക്കാൻ തോന്നിയില്ല, കൂടെ കൂട്ടി.

3 മണിയെ ആയിട്ടുള്ളൂ,  4 മണിക്കേ കയറാൻ പറ്റു. വരിയിൽ നിന്നു. ചുട്ടുപൊള്ളുന്ന വെയിൽ. തല മറക്കാൻ ഒരു തൊപ്പി പോലുമില്ല, തോളിൽ ബാഗിന്റെ വെയ്റ്റ്. കൊച്ചുകുട്ടികളെല്ലാം കരയുന്നു.

ഇടക്കുള്ള വന്ദേമാതാരവും ജയ് ഹിന്ദ്‌ വിളിയുമാണ് ഏക ആശ്വാസം.

വരിയുടെ ഫെന്റിലെത്തി. ബാഗ് അകത്തു കൊണ്ട് പോകാൻ പറ്റില്ല എന്നായി സെക്യൂരിറ്റി. അപ്പുറത്തുള്ള റൂമിൽ ഏൽപ്പിക്കണമത്രേ.

അങ്ങനെ ഞങ്ങൾ അതിന് പുറത്തിറങ്ങാനുള്ള ശ്രമങ്ങളിലാണ്. കമ്പികൾക്കിടയിലൂടെ ചാടിയും കുനിഞ്ഞും പുറത്തിറങ്ങി.

കണ്ണിൽ ഇരുട്ട് കേറുന്നു. ആകാശിന്റെ തോളിൽ ചാരി താരാട്ട്.

..................

കണ്ണുതുറക്കുന്നത് ഒരു തോക്കിന്റെ കുരലിലേക്കാണ്. ചുറ്റും ആളുകൾ,  പട്ടാളക്കാർ.
(മാഫി മുഷ്കിൽ മാഫിയത്രി, എന്നെ വെടിവെക്കല്ലേ ഞാൻ ചാവേറല്ല )

ആ കോട്ടയുടെ സൈഡിൽ തളർന്നു കിടന്നിരിക്കുന്നു, ആരൊക്കയോ മുഖത്തു വെള്ളം തളിക്കുന്നു.

ആകാശ് പെപ്സിയും ബർഗറും വാങ്ങി വരുന്നു. അത് കഴിച്ചു കുറച്ചു നേരം ചാരിയിരുന്നു.

സഭ പിരിഞ്ഞുപോയി.

തിരക്കു കുറഞ്ഞപ്പൊ ആകാശിന്റെ തോളിൽ പിടിച്ചു അങ്ങോട്ടേയ്ക്ക് നടന്നു, കാലിൽ മസിൽ പിടിക്കുന്നുണ്ട്.

പണ്ടൊരു പട്ടാളക്കാരൻ ആകാൻ ആയിരുന്നു ആഗ്രഹം. അതിർത്തിയിൽ യുദ്ധത്തിൽ പങ്കെടുക്കുന്നയും വെടികൊള്ളുന്നതും രാജ്യത്തിന്റെ രക്തസാക്ഷിയാകുന്നതും സ്വപ്നം കണ്ടിട്ടുണ്ട്.

എന്തായാലും അതിർത്തി മണ്ണിൽ ബോധംകെട്ട് വീണാലോ!

നടക്കുന്ന വഴിയിൽ മനസ്സിൽ വന്നത് CID മൂസയിലെ സീൻ ആണ്.
ടൈൽസ് ഇട്ട തറയായി പോയി അല്ലേൽ വീഴാൻ നേരം കുറച്ചു മണ്ണുവാരി, വന്ദേമാതരം വിളിക്കാമായിരുന്നു!



വാഗ എന്ന സ്വപ്നം!


അടുത്ത ലക്ഷ്യം വാഗയായിരുന്നു.

അമൃത്‌സറിൽ ട്രെയിൻ ഇറങ്ങി. കയ്യിൽ പൈസ ഇല്ല, ATM തപ്പി നടപ്പായി. കേറുന്ന ATMയിൽ പൈസയില്ല. രണ്ടു കിലോമീറ്ററോളം നടന്നു ഒരെണ്ണം കിട്ടി.

ഭാഷ അറിയാത്തത് കൊണ്ട് തേപ്പ് കിട്ടാതിരിക്കാൻ OLA എടുത്തു. 33 കിലോമീറ്റർ ഉണ്ട്, കൊടുക്കേണ്ടത് 2 രൂപ. അന്തംവിട്ടു. പട്ടിണി മനസിലാക്കി OLA ഓഫർ തന്നെയാകും.

ഡ്രൈവർ അഞ്ചു മിനിറ്റിനുള്ളിൽ വന്നു. കയറിയ ഉടനെ ബിൽ കാണിക്കാൻ പറഞ്ഞു. രണ്ടു രൂപയെന്ന് കണ്ടപ്പൊ പോകാൻ പറ്റില്ലാ എന്നായി. അവിടേംവരെ പോകാൻ ആയിരത്തി ഇരുന്നൂറ് രൂപ വേണമത്രേ!

അവസാനം അയാൾ എന്നെ വണ്ടിയിൽ നിന്നും ഇറക്കിവിട്ടു. അതിന് ശേഷം നാലു വണ്ടികൾ ബുക്ക് ചെയ്തു, പിന്നേം രണ്ടുരുപ കാണിച്ചു. ആരും വന്നില്ല.

അവസാനം ഒരു ബൈക്ക് ബുക്ക് ചെയ്തു. സ്ഥലം ചോദിച്ചു അവൻ 2മിനിറ്റിൽ എത്തി.
പൾസർ കാണിച്ചിട്ട്, സ്‌പ്ലെൻഡറിലാണ് വരവ്. കൊച്ചു പയ്യൻ. കയ്യിലൊരു ബാഗും.

അവൻ എന്തൊക്കയോ പറയുന്നു മനസ്സിലാകുന്നില്ല. അവന് ഇംഗ്ലീഷ് അറിയില്ല. അവൻ അടുത്ത് നിന്ന ഹോട്ടലിലെ സെക്യൂരിറ്റിയെ വിളിച്ചു, അയാൾക്കുമറിയില്ല. ആയാൾ അകത്തു നിന്നും ഒരു ചെറുക്കനെ വിളിച്ചു.

ഞങ്ങൾ കമ്പനിയായി.
Al Noor Hassan. 12 കഴിഞ്ഞു. ആ 5 സ്റ്റാർ ഹോട്ടലിൽ സ്വീപ്പറായി പണിയെടുക്കുന്നു.
അവൻ എനിക്ക് വേണ്ടി സംസാരിച്ചു.

30കിലോമീറ്റർ ഉണ്ട് വാഗയിലേക്ക്, അവിടേം വരെ OLA പോകില്ലെന്ന്. പകരം അവന്റെ അല്ലാതെ കൊണ്ട് പോകാമെന്ന്, ആയിരം രൂപ കൊടുക്കണം.

നമ്മുടെ നൂർ ബാർഗൈൻ ചെയ്തു 600 വരയാക്കി. എന്നെ അവിടെയാക്കി, പരിപാടി കഴിഞ്ഞു, തിരിച്ചു കൊണ്ടു പോകാം എന്ന കരാറിൽ. വാഗയിൽ നിന്നു തിരിച്ചു കാർ കിട്ടാൻ പ്രയാസമാകുമെന്ന് നൂർ പറഞ്ഞു അങ്ങനെ അത്‌ സമ്മതിച്ചു, നൂറിനെ നമ്മുടെയൊരു സീഡ് പെൻ നൽകി യാത്ര തുടങ്ങി.


Friday, February 28, 2020

കൂകിപായുന്ന ജീവിതങ്ങൾ!


കുറച്ചു നിമിഷങ്ങൾക്കകം ട്രെയിൻ വന്നു. സെക്കന്റ് സിറ്റിംഗ് ആണ്. സീറ്റ് തപ്പി എത്തപ്പെട്ടത് ഒരു മസിൽ അളിയന്റെയും പഞ്ചാബി പെങ്ങളുടേയും ഇടയിൽ.

പെട്ടു, ശാസം വിടാൻ പോലും പറ്റണില്ല. രണ്ടും ഫോണിന് മുന്നിൽ തലകുനിച്ചിരിക്കുവാ. ഒരാളങ്ങ് ജമ്മുവിലേയും അടുത്തയാൾ പഞ്ചാബിലേയും.

മസിലളിയനെ തള്ളി നീക്കാൻ പറ്റൂല. പെങ്ങള് മുന്നോട്ട് ഒന്ന് നീങ്ങിയപ്പൊ ദേഹമൊന്ന് നിവർത്തി. ഓള് തിരിച്ചു വന്ന് എന്റെ കൈ തട്ടി മാറ്റി, ഹിന്ദിയിൽ എന്തോ പറഞ്ഞു. ചീത്തയാണോ?

ഒരു രക്ഷയുമില്ല അവിടിരിക്കാൻ, അവസാനം രണ്ട് കയ്യും താടിക്ക് കൊടുത്തു മുന്നോട്ട് കുനിഞ്ഞു ഇരിപ്പായി.

ട്രെയിൻ കൂകിപായും തോറും ഓരോ ജീവിതങ്ങൾ കണ്ണിനു മുന്നിലൂടെ കടന്നുപോയികൊണ്ടിരുന്നു.

ആദ്യം കേട്ടത് സ്ഥിരമുള്ള കയ്യടി ശബ്ദമാണ്. പണ്ടൊരു പ്രാവിശ്യം അഹമ്മദാബാദ് പോകുന്ന വഴിയിൽ അവർക്ക് പൈസ കൊടുക്കാത്തതിന് മുണ്ടുപൊക്കി കാണിച്ച ഒരു ചരിത്രമുണ്ട്. അത് ഓർത്തത് കൊണ്ടൊരു നെഞ്ചിടിപ്പ്.

കൈ കൊട്ട് അടുക്കുംതോറും നെഞ്ചിടിപ്പും കൂടി വന്നു. ഉറക്കം നടിക്കാം!
അവർ വന്ന് തട്ടി വിളിച്ചു, ഒന്നുമില്ല എന്ന് ദയനീയമായി കൈ മലർത്തി കാണിച്ചു.

തലയിൽ കൈ വച്ചു എന്തോ പറഞ്ഞു, ചീത്ത വിളിച്ചയാണോ ശപിച്ചയാണോ?

പൈസ കൊടുക്കുന്ന എല്ലാരുടേം തലയിൽ കൈ വെക്കുന്നുണ്ട്. ഹാ അനുഗ്രഹിച്ചയാ!

സാധാരണയുള്ളവർ ഗൗരവത്തിൽ  പൈസ വാങ്ങി പോകും, ഇവർ അങ്ങനയല്ല അവിടെയുള്ള അമൂമ്മമാരോട് എന്തൊക്കയോ കുശലം പറഞ്ഞും, അനുഗ്രഹിച്ചുമാണ് പോകുന്നത്.

കരയുന്ന കുഞ്ഞിനെ ഉപദ്രവിക്കുന്ന അമ്മയും, അതിനെ ആശ്വസിപ്പിക്കുന്ന അച്ഛനും. അതിനപ്പുറം തോളിൽ കാലിനു വയ്യാത്ത മകനേയും കൊണ്ട് വരുന്ന അച്ഛൻ. ആരും അയാളെ മൈന്റ് ആക്കിയില്ല, പൈസ കൊടുക്കുന്നതും കണ്ടില്ല.

അടുത്തതായി വന്നത് ഒരു ചേട്ടനും മകളും. വയലിൻ പോലൊരു നാടൻ ഉപകരണം വെച്ചാണ് പാട്ട്, മകൾ എന്തോ സാധനം കയ്യിൽ വെച്ചു കൊട്ടുന്നുണ്ട്. ആദ്യം ചേട്ടന്റെ പാട്ട്, ശേഷം കുട്ടിയുടെയും. അർത്ഥമറിയില്ലെങ്കിലും വളരെ മനോഹരമായ പാട്ട്. സുന്ദരമായ ശബ്ദം. പലരും നടന്നു വന്നു പൈസ കൊടുത്തു. അവരും നടന്നു നീങ്ങി.

അടുത്തതായി ഒരു കാഴ്ച്ചയില്ലാത്ത ചേട്ടൻ പാട്ടുമായി എത്തി. അങ്ങനെ ഒരു ട്രെയിൻ യാത്രയിൽ എത്രയെത്രയോ ജീവിതങ്ങൾ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു.

ജീവിതത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ അവർ കൂകി പാഞ്ഞുകൊണ്ടിരിക്കുകയാണ്.

ആറു  മണിക്കൂർ കൊണ്ട് സ്ഥലത്തെത്തി, ട്രെയിനിൽ നിന്നിറങ്ങിയതും ഒരു ഹിന്ദി ബുക്കും പിടിച്ചു സുഖമില്ലാത്തൊരാൾ മുന്നിലൂടെ പാഞ്ഞു പോയി.







മോഹങ്ങളുടെ മൊഹാലി!


മൊഹാലിക്ക് വിടപറയുന്നു!

Hostel 5, 703. മൂന്ന് സുന്ദര രാത്രികൾ.

ഇതൊരു സേഫ് സോൺ ആയിരുന്നു യാത്രയിലെ. റസ്റ്റ് എടുക്കാനും അലക്കാനുമെല്ലാം.

IISER MOHALI, പറയാൻ ഏറെയുണ്ട് ഇവിടത്തെ വിശേഷങ്ങൾ.

സത്യത്തിൽ അസൂയ്യയാണ്.
ഇതുപോലൊരു ക്യാമ്പസ്. അന്തരീക്ഷം.

ഇന്ത്യയിലെ തന്നെ സയൻസിന്റെ ടോപ് കോളേജ്.

ലൈബ്രറി എന്നത് ഏഴു നിലയുള്ള ഒരു 5 സ്റ്റാർ ഹോട്ടൽ. അതിൽ രാത്രിയും അടയിരിക്കുന്ന ബുജികൾ.

ഫേസ് റെക്കഗ്നിഷനും ഫിംഗർ സ്കാനിങ്ങുമുള്ള എപ്പോളും കയറിചെല്ലാവുന്ന ലാബുകൾ.

8 നിലയുള്ള 8 ഹോസ്റ്റലുകൾ. ഓരോത്തർക്കും ഓരോ റൂം. അതും മിക്സഡ് ഹോസ്റ്റൽ.

ഉറങ്ങിക്കിടക്കുന്ന ക്യാമ്പസ്, രാത്രി ഏറെ വൈകിയും സജീവം.

സദാചാരക്കാറില്ല. എങ്ങും ജന്റർ ഇക്വാലിറ്റി.

എല്ലാ കളികളും തമാശകളുമായി,  പഠനത്തിന്റെ  യാതൊരു ടെൻഷനുമില്ലാതെ ജീവിതം ആസ്വദിക്കുകയാണവർ.

നമുക്കുമുണ്ടായിരുന്നു ഒരു കോളേജ്.
ഹാ, അന്തസ്സ്.

മൊഹാലിയോട് വിടപറയുന്നു. അടുത്ത യാത്രക്കുള്ള വട്ടം കൂടി. ജമ്മുവിന്റെ നഷ്ടം നികത്തണം.

വെളുപ്പാൻ കാലത്ത് ബല്ലേ ബല്ലേ പാട്ടുകളുമായി ഡ്രൈവറെത്തി.

പഞ്ചാബി ഫ്രീക്കൻ, ഭാഗ്യം ചത്തില്ല സ്റ്റേഷനെത്തി!



ആർട്ടിസ്റ്റ് കം മജീഷ്യനോടൊപ്പം!


രണ്ടു ദിവസം മൊഹാലിയിൽ, അതിന് ശേഷം  ജമ്മുവിലേക്ക്.

ആ മോഹൾക്കുമേൽ കരിനിഴൽ വീഴ്ത്തുകയാണ് അവിടത്തെ ഇപ്പോഴത്തെ സാഹചര്യങ്ങൾ.

ആഭ്യന്തര പ്രശ്നങ്ങൾ ഉടലെടുക്കാൻ സാഹചര്യമുണ്ടായതിനാൽ പുതപ്പിനുള്ളിൽ അഭയം തേടി.

ജമ്മുവിനെ പിളർത്തുകയാണ്, അവിടെ ഇനി തണുപ്പാകില്ല, ചൂടായിരിക്കും!

ട്രെയിനുകൾ കാൻസൽ ആക്കിയിരിക്കുകയാണ്, നാളെയാണ് ഹോപ്പ്.

2 ദിവസമായി മൊഹാലിയിൽ.
എന്തിനു വന്നു എന്ന ചോദ്യത്തിന്, ഒരു സുഹൃത്തിനെ തേടി എന്നുത്തരം.

വെറും ഒരു സുഹൃത്തല്ല, ഒരു മജീഷ്യനാണ്, പടംവരപ്പുകാരനാണ്, പോരാത്തതിന് TGF വളണ്ടിയർ.

ഒരു കൊല്ലം മുൻപ് കേരളത്തെ മുക്കിയ പ്രളയത്തിൽ ഒരു കൈത്താങ്ങായി ഈ മാന്ത്രിക കൈകളുണ്ടായിരുന്നു മൊഹാലിയിൽ നിന്നും. പഞ്ചാബിലെ മാളുകളിൽ മാജിക് ഷോ ചെയ്തായിരുന്നു അവൻ ഫണ്ട് കണ്ടത്തിയത്.

ഒരു മാളിൽ മാജിക് ഷോ flop ആയി. ആരും മൈന്റ് ചെയ്തില്ല. ആ സമയം മാളിന് മുന്നിൽ ബലൂണുകൾ വിൽക്കുന്ന കുട്ടികളുടെ സഹായത്തോടെ ഫണ്ട് റൈസിംഗ് നടത്തി. പിന്നെ നമ്മുടെ Donate a Napkin. അങ്ങനെ മൊഹാലിയിൽ നിന്നും നമ്മളെ ഒരുപാട് രീതിയിൽ സഹായിച്ചിട്ടുണ്ട് പുള്ളി.

പിന്നെ കഴിഞ്ഞ വർഷം നമ്മുടെ ബഡ്‌സ് സ്കൂൾ വാർഷികത്തിന് പുള്ളിയുടെ വക ഒരു എമണ്ടൻ മാജിക് ഷോ ഉണ്ടായിരുന്നു.

കഴിഞ്ഞ 2 ദിവസമായി പലവിധ കാര്യങ്ങളുടെ ചർച്ചയുമായി റൂമിൽ തന്നെ കൂടി.

ഉടനെ ഒരു TGF MOHALI പ്രതീക്ഷിക്കട്ടെ?

2 ദിവസമായിൽ കയ്യിൽ നിന്നൊരു ചില്ലി പൈസ ഇറങ്ങിയിട്ടില്ല, അവനേം ഓസി നിൽക്കുവാ.

ആ ഇനി അവന്റെ ക്ഷമ പരീക്ഷിക്കുന്നില്ല, നാളെ തന്നെ സ്ഥലം കാലിയാക്കണം.

അതിനുമുൻപ് കുറച്ചു IISER കാഴ്ച്ചകൾ പകർത്തണം!

https://m.facebook.com/story.php?story_fbid=2222443354519634&id=100002619739923


മൊഹാലിയിലെ രാത്രി!


വന്നപ്പൊ മുതൽ കത്തിയടിയാണ്, പഴയ കാര്യങ്ങളും തമാശകളും.

ഉറങ്ങാൻ വൈകി. ഉറക്കമെണീക്കാനും.
ബെഡിൽ നിന്നും എണീക്കാൻ പോലും വയ്യ, മടി. സൂര്യരശ്മി ശരീരത്തിലും റൂമിലും പതിച്ചതേയില്ല.

കുറച്ചു പണികളിൽ മുഴുകി അവശനായിരുന്നു.

രാത്രിയായപ്പൊ കറങ്ങാനിറങ്ങി. അവർ ആറു പേർ. അവരുടെ കാര്യങ്ങളും തമാശകളും. ഞാൻ ഒറ്റപ്പെട്ടു, അതു തന്നെയാണ് എനിക്ക് വേണ്ടതും. കുട്ടത്തിൽ നിന്നാൽ നമ്മളും നമ്മുടെ  ചിന്തകളും അവിടേക്ക്  ചുരുങ്ങും, ഒറ്റക്കാവുമ്പോൾ നമ്മൾ പലതും നിരീക്ഷിക്കും.

അവിടത്തെ ഒരു ഫേമസ് ഡാബയിലെ അടിപൊളി ഭക്ഷണത്തിന് ശേഷം പുറത്തിറങ്ങി, അവരെല്ലാം ഐസ്ക്രീം റോൾ ഉണ്ടാക്കുന്ന കടക്കു ചുറ്റും കൂടി.

മൊഹാലിയെ അടുത്തറിയാൻ പറ്റിയില്ല.
നടന്നുകാണാൻ ആവത്തില്ല.
സൈഡിലെ ഒരു കമ്പിയിൽ ഇരുന്ന് അവിടത്തെ കാഴ്ച്ചകൾ തിരഞ്ഞു.

ആദ്യം കണ്ണുടക്കിയത് ഒരു വലിയ പടത്തിലേക്കാണ്.  മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ചുമരിൽ മനോഹരമായി വരച്ച കുറച്ചു ആളുകളുടെ ചിത്രം, ഒരാൾ കപിൽ ദേവ് ആണ്.

"Me for My City" എന്ന Clean Mohali ക്യാമ്പയിന്റെ ഭാഗമായുള്ളതാണ് അത്.

അതിനു താഴയായി ഒരു ഫാമിലി. എന്തോ സ്ട്രീറ്റ്‌ഫുഡും ജ്യൂസും കുടിച്ച് തമാശകളിൽ മുഴുകിയിരിക്കുകയാണവർ. തിന്ന ശേഷം ആ പ്ലേറ്റും കപ്പും ചിലർ വലിച്ചെറിയുന്നുണ്ട്.

അടുത്തുള്ള കടക്കാരൻ കട ഒതുക്കുകയാണ്. അയാൾ ആ വേസ്റ്റുകൾ പെറുക്കി ബക്കറ്റിലിട്ടു, ഇതു കണ്ട ആ കൂട്ടത്തിലുള്ള ഒരാൾ കൂടെ കൂടി. പിന്നെ ബാക്കിയുള്ളവർ ആ ബക്കറ്റിലിട്ടു.

കുറേ നേരമായി അവിടെ തന്നെ ഒരു കാല് തളർന്ന ഒരു മനുഷ്യൻ ഭിക്ഷയാചിക്കുന്നു,  കൂടെ കറങ്ങി കറങ്ങി ഒരു പട്ടിയും. അയാൾ കൈ നീട്ടിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല, ആ പട്ടിക്ക് ബാക്കി വന്ന ഫുഡ് കടക്കാരൻ എറിഞ്ഞു കൊടുക്കുന്നുമുണ്ട്. അയാൾ ഇഴഞ്ഞിഴഞ്ഞു നീങ്ങി.

ബലൂൺ വിൽക്കുന്ന പയ്യനിലായി അടുത്ത നോട്ടം. 3 ബലൂണുകളാണ് അവന്റെ കയ്യിലുള്ളത്. അത് വിറ്റാൽ അവന്റെ അന്നത്തെ പണി കഴിഞ്ഞു.  ആരും വാങ്ങുന്നില്ല.

അവൻ 3 ചെറുപ്പക്കാരുടെ പിറകെ കൂടി . അവർ എന്തൊക്കയോ അവനോട് ചോദിച്ചു. ബലൂൺ വാങ്ങിയില്ല, അവന് കുറച്ചു പൈസ കൊടുത്തു കൊണ്ട് അവർ പോയി.

ഞാൻ പടമെടുക്കുന്നത് ആ വെള്ള ജുബ്ബാക്കാരൻ നോക്കി.
പുഞ്ചിരി. പുഞ്ചിരി.

കാഴ്ച്ചകൾ തേടി കണ്ണ് പാഞ്ഞു നടന്നു.
പഞ്ചാബി ബല്ലേ ബല്ലേ പാട്ടുകൾ എല്ലായിടത്തുമുണ്ട്.
തെരുവുകൾ സജീവമാണ്.
മസിൽ അളിയന്മാരും ഗോതമ്പ് മണികളും.

ടോവിനോ ഗോദയിൽ പറയുന്നപോലെ തന്നെ.
അവന്മാർക്ക് നല്ല സൈസ്, വേണ്ട ഭിത്തിയിൽ ചേർക്കും!






Thursday, February 27, 2020

Happy Friendship Day!


ഇന്ന് വാട്സാപ്പ് മെസ്സേജുകളുടെ ഒരു പൂരമാണ്.

നേരിട്ട് കണ്ടാൽ സംസാരിക്കാത്തവർക്ക് വരെ പോകും ബ്രോഡ്കാസറ്റ് മെസ്സേജ് !

ഈ ഒരു ദിവസം ആരേലും പഴയ സുഹൃത്തുക്കളെ കാണാൻ പോകാറുണ്ടോ?

യാഥാർച്ഛികമായിട്ടാണെങ്കിലും ഇത്രേം ദൂരം ഞാൻ താണ്ടി വന്നത് ഒരു സുഹൃത്തിനെ കാണാനാണ്. 8 വർഷമുൻപ്പ് കൂടെ പഠിച്ചവൻ!

അവന്റെയാണീ ഗോദ!
ഗേറ്റിനുമുകളിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതി വെച്ചിരിക്കുന്നു: IISER MOHALI

അകത്തോട്ടു ചെന്നു, Hostel 5 തപ്പണം.
ഒരു കുട്ടി അവിടെ ഇരിക്കുന്നു.

Where is hostel 5?
Go that way!
മലയാളി ആണോ?
അതെ.
എവിടെയാ സ്ഥലം?
തിരുവനതപുരം.
ഹോസ്റ്റൽ 5 എങ്ങോട്ടാ?
ചേട്ടാ, ആ വഴി പോയിട്ട്, വലത്തോട്ട് തിരിയുമ്പോ ഒരു ബോർഡ് ഉണ്ട്.
ആ, ശെരി. താങ്ക്സ്.

പുഞ്ചിരി.

അങ്ങനെ ഹോസ്റ്റൽ 5 എത്തി.
അവനെ വിളിച്ചു.
അളിയാ അഞ്ചു മിനിറ്റ്.

കുറച്ചു കഴിഞ്ഞൊരു ശബ്ദം:
മച്ചാനേ...
നീ അങ്ങ് കറുത്തുപോയല്ലോ?

ശവം. വരേണ്ടായിരുന്നു!

അവൻ ഒറ്റ മോനാണ്, വീട്ടുപേര് ഒറ്റത്തെങ്ങിൽ!
അറിഞ്ഞിട്ട പേരാ, Asif Ottathengil.


ഗോദയിലോട്ട്!


അതേ ചണ്ഡിഗർ തന്ന !

സ്റ്റേഷന് പുറത്തിറങ്ങി, ഇതെന്താ എയർപോർട്ട് ആണോ?
നല്ല വൃത്തി, ഡിസൈൻ.

ട്രെയിൻ ഇറങ്ങുമ്പോ അവിടെ കാണുമെന്ന് പറഞ്ഞയാൾ വന്നില്ല.

"അളിയാ ഞാൻ കോളേജിലാ, നീ ഒരു OLA വിളിച്ചു വാ"

ഒന്നമത് നിക്കർ കീറി ഇരിക്കുവാ!

അപ്പോളാണ് OLA ബൈക്ക് ശ്രേദ്ധയിൽ പെട്ടത്. സംഭവം ഒന്ന് ട്രൈ ചെയ്യന്നു വെച്ച് ബുക്ക് ചെയ്തു.

കാൾ വന്നു. പഞ്ചാബി ഇറക്കുന്നതിന് മുന്നേ ഞാൻ ഇംഗ്ലീഷ് പുറത്തെടുത്തു, സ്ഥലം പറഞ്ഞു.

കുറച്ചു നേരം കഴിഞ്ഞ് അവിടെത്തിയെന്ന് പറഞ്ഞു വിളിവന്നു.

OLA വണ്ടിയൊന്നും ഞാൻ കാണുന്നില്ലാലോ. എന്നോട് മുന്നിലോട്ട് നില്ക്കാൻ പറഞ്ഞു.

ആ ആളെ കണ്ടു. ഒരു പഞ്ചാബി അപ്പൂപ്പൻ. പഴയ ഗുസ്തി ആണെന്ന് കണ്ടപ്പോ തോന്നി.

ഒരു പഴയ ആക്ടീവ.
സീറ്റ് തുറന്ന് ഹെൽമെറ്റ് എന്റെ കയ്യിൽ തന്നു. അതിന്റെ ക്ലിപ്പ് ഞാനിടാത്ത കൊണ്ട് അയാൾ ഇട്ടു തന്നു.

Saftey first! അല്ല, ഇയാൾക്ക് ഹെൽമെറ്റ് ഇടണ്ടേ? തലപ്പാവ് വെച്ചിട്ടെങ്ങാനാ?


അങ്ങനെ ഞങ്ങൾ യാത്ര തുടങ്ങി. അര മണിക്കൂർ യാത്രയുണ്ട്. ഒറ്റ കയ്യിലാണ്  ഓടിക്കൽ. മറ്റേ കൈ കൊണ്ട് തലപ്പാവ് ഒതുക്കലും, താടി കേട്ടലും കണ്ണാടി വെക്കലും. പിന്ന റോഡിലുള്ള കുട്ടികൾക്ക് കൈ വീശലും. ആള് നല്ല ഉഷാറാണ്.

നല്ല ഭംഗിയുള്ള സ്ഥലം.
റോഡിന്റെ രണ്ട് വശത്തും മാവുകൾ,  റോഡിന്റെ അതേ വീതിക്ക്.

കുറച്ചു മുന്നോട്ട് പോയപ്പോ ഒരു ബോർഡ്: Welcome to Punjab!

അപ്പോ ഞാൻ ഇത്രയും നേരം പഞ്ചാബിൽ അല്ലായിരുന്നോ?

പുള്ളിയോടെ തിരക്കിയപ്പോളാണ് മനസിലായത്: Chandighar is the Capital of Haryana and Punjab.

GK. GK!

ആ ബോർഡിന് ഇപ്പുറം, വേറെ ടൈപ്പ് മരങ്ങളാണ്.

നല്ല സൂപ്പർ റോഡ്. സൈക്കിളുകൾക്ക് പോകാൻ പ്രതേക ട്രാക്ക്. ഒരോ സ്ഥലവും സെക്ടറുകളായി തിരിച്ചു പണിഞ്ഞ ഒരു സുന്ദര നഗരം.

ആദ്യായിട്ടാണ് പുള്ളി ഞാൻ പോകുന്ന സെക്ടർ 81ഇൽ വരുന്നത്.  ഗൂഗിൾ മാപ്പും നോക്കി 35-40യിൽ ആണ് പോക്ക്. ദൂരെ പോലീസ് സ്പീഡ് ചെക്കിങ് കണ്ടപ്പോ വീണ്ടും വേഗത കുറക്കുന്നു. എന്തിന്?

അങ്ങനെ ഇരഞ്ഞിറഞ്ഞു, സ്ഥലമെത്തി.
നല്ല ചൂടായിരുന്നു, ഓടിച്ച അയാളും ബാഗും തൂക്കിയിരുന്ന ഞാനും തളർന്നു.

അവിടെ കണ്ട ഒരു കൂളറിൽ നിന്നും വെള്ളമെടുത്തു. പുള്ളി നടുനിവത്താൻ അവിടിരുന്നു. സ്ഥലവും ഉദ്ദേശവുമെല്ലാം ചോദിച്ചറിഞ്ഞു.

ഒരു കാൾ വന്നു പുള്ളിക്ക്. അടുത്ത ഓട്ടം വന്നതാകും, ജീവിക്കാനുള്ള ഓട്ടത്തിലാണ് പുള്ളി. സലാം പറഞ്ഞു യാത്രയാക്കി.

ആ കൂറ്റൻ ഗോദയുടെ മുന്നിൽ ഞാൻ മാത്രം!






ഒരു ട്രെയിൻ അപാരത!


കേരളത്തിലേക്കാണ് എന്റെ വരവെന്ന് കരുതി?

ഡൽഹിയിൽ നിന്നും അമൃതസറിലേക്കും അവിടെ നിന്നും വാഗയിലേക്കും. ഇതായിരുന്നു പ്ലാൻ.

അപ്രതീക്ഷിതമായി മനസ്സിലേക്ക് വന്നൊരാൾ, എന്റെ യാത്ര മറ്റൊരിടത്തേക്കാക്കി!

ജനറൽ ടിക്കറ്റും എടുത്താണ് ഇരിപ്പ്. അതോ സ്റ്റേഷനിൽ വെച്ചു സ്പ്ലിറ്റ് ആകേണ്ട ട്രെയിൻ ആണ്. എവിടെ നിക്കണം എന്നൊന്നുമറിയില്ല. ഹിന്ദിയിലുള്ള അന്നൗൻസ്മെന്റുകൾ മാത്രം മുഴങ്ങികേൾക്കുന്നു.

ട്രെയിൻ എത്തിയതും ജനപ്രവാഹാം. ട്രാക്കിന്റെ അപ്പുറവും ഇപ്പുറവും ഒരുകൂട്ടം. ഈ ബാഗുംകൊണ്ട് കേറിപ്പറ്റാനാകില്ലെന്ന് ഉറപ്പായിരുന്നു. ആ തള്ളിൽ നിൽക്കാനുള്ള ത്രാണിയുമില്ല.

TTR ഇനെ കണ്ടു, ജനറൽ സ്ലീപ്പർ ആക്കാമോന്ന് തിരക്കി. "Why not, 350Rupees!"

ഹാ, ബെസ്ററ്!
ജനറലിലോട്ട് നടന്നു നോ രക്ഷ!

അടുത്ത ട്രെയിൻ മൂന്ന് മണിക്കൂർ കഴിഞ്ഞാണ്, അത്‌ ഏഴുമണിക്കൂർ കഴിഞ്ഞേ അവിടെത്തും.

അവസാനം ആ പൈസയും കൊടുത്തു.
അയാൾ എന്നെ തേച്ചതാണോ?
എന്റെ ആവ്യശമായി പോയില്ലേ.

ഒഴിഞ്ഞ സ്ലീപ്പർ സീറ്റ് നോക്കി നടന്നു.

ഒരപ്പൂപ്പനും അമ്മുമ്മയും.
മിണ്ടാനും പറയാനും പറ്റിയില്ലെങ്കിലും ചിരിച്ചുകൊണ്ടെങ്കിലും ഇരിക്കാലോ എന്നോർത്തു അപ്പൂപ്പനടുത്തിരുന്നു.

ബാഗ് വെച്ചു അവിടിരുന്നു. അമ്മുമ്മ മുകളിലോട്ട് കൈ ചൂണ്ടി എന്തോ പറഞ്ഞു. ഓ, ബാഗ് മുകളിൽ വെക്കനാകുമെല്ലേ.

ഒരു പുഞ്ചിരി സമ്മാനിച്ച്, അതങ്ങോട്ടിട്ടു.
അമ്മുമ്മയുടെ മുഖം ഗൗരവത്തിലാണ്.

ഒരു സ്ത്രീയും കൊച്ചും അമ്മുമ്മയുടെ അടുത്തുവന്നിരുന്നു. അവരെന്തോ ഹിന്ദിയിൽ പറഞ്ഞു, സംസാരമായി. We are senior citizens എന്ന് കേട്ടു.

കുറച്ചു കഴിഞ്ഞു എന്നോട് മുകളിൽ വിരൽ ചുണ്ടി എന്തോ പറഞ്ഞു. മുകളിൽ പോയി ഇരിക്കാനാകും. അപ്പൂപ്പന് കിടക്കാനാകും, ഒരുപുഞ്ചിരി ഫിറ്റ് ചെയ്തു മുകളിൽ വലിഞ്ഞുകേറി.

അപ്പൂപ്പനും അമ്മുമ്മയും നല്ല കത്തിയടിയാണ്.
എന്താ ഇതുവരെ കേൾക്കാതെ എന്നാലോജിച്ചിരുന്നയാ, കൈ കൊട്ട് ശബ്ദം കേട്ടു തുടങ്ങി.

ഉറക്കം നടിച്ചു മുകളിൽ ചുരുണ്ടുകൂടി. ആ ശബ്ദം ദൂരേക്ക്‌പോയി. പിന്നീട് ദഫ് കൊട്ടി പാട്ടുപാടി ഒരാൾ വന്നു, അതിനെ ശേഷം അടുത്ത ഡ്യൂയറ്റ് ടീം വന്നു, പിന്നെ കോറസും.

അപ്പൂപ്പനും അമ്മുമ്മയും കത്തി വെപ്പ് തുടരുന്നു. കിടന്നിട്ടു പോലുമില്ല.
പിന്നെ എന്തിനാ എന്നെ മുകളിൽ കയറ്റിയത്?
എന്താ ആരും അവിടിരിക്കാൻ അവർ സമ്മതിക്കാത്തെ?
അവർ ഇനി ഫുൾ സീറ്റും ബുക്ക് ചെയ്തയാണോ?

ഹാ, സീനിയർ സിറ്റിസൺസ് കാരണം മനോഹരമായ പഞ്ചാബ്-ഹരിയാന സൗന്ദര്യം നഷ്ടമായി.

അലാറം അടിച്ചപ്പോളാണ്, ഇറങ്ങാനുള്ള സ്റ്റേഷൻ ആയെന്നു മനസിലായത്.

നല്ല വൃത്തിയുള്ള സ്റ്റേഷൻ.
ട്രെയിൻ ഇറങ്ങിയിട്ടും തേടിവന്ന ആളെ കണ്ടില്ല.

ട്രെയിൻ മാറിയോ?
ചണ്ഡിഗർ ആണോ, ഛത്തീസ്‌ഗാഡ്  ആണോ?


ജീവിക്കാനായി!


ഡൽഹിയോട് വിടപറയുമ്പൊ മനസ്സിൽ തോന്നിയത്: സ്വരം നാന്നായിരിക്കുമ്പൊ പാട്ടു നിർത്തണം എന്നല്ലേ?

കഴിഞ്ഞ അഞ്ചു ദിവസമായി ആയാൾ കഥ എഴുതുകയാണ്, കഥയല്ല നേരിൽ കണ്ട കുറച്ചു ജീവിതങ്ങൾ, അനുഭവങ്ങൾ.

ഇങ്ങനെ എന്തൊക്കയോ ചിന്തകളിൽ അലഞ്ഞു നടക്കുമ്പോഴാണ് ആരോ ചെവിയിൽ പിടിച്ചത്! ഞെട്ടിതിരിഞ്ഞപ്പോൾ, ശൂലവുമായി ഒരാൾ! ജയ് ശ്രീറാം!

കിളിപോയി ഇരിക്കുന്ന ഞാനും, ഹിന്ദിയിൽ ശബ്ദിക്കുന്ന അയാളും. നഹി നഹി മന്ത്രിച്ചു.

അപ്പുറത്തെ ബെഞ്ചിലിരിക്കുന്ന പയ്യനോടാണിപ്പോൾ. കുറച്ചു കഴിഞ്ഞു നോക്കുമ്പോൾ അയാൾ ആ കമ്പി കൊണ്ട് അവന്റെ ചെവിയിൽ എന്തെക്കയോ ചെയ്യുന്നു. പത്തു മിനിട്ടോളം അത് നീണ്ടുനിന്നു.

കൗതുകത്തോടെ ഞാനും നോക്കി നിന്നു. അയാൾ എന്റെ അടുത്തോട്ട് തിരിഞ്ഞു.

'Ek ear 20' - Nahi
'Ek ear 15' - Nahi
'Ek ear 10' - ഇത്തവണ Nahi പറയുന്നതിന്  മുൻപേ അയാൾ എന്റെ ചെവി ഒന്ന് പിടിച്ചു നോക്കി.

Very dirty ear! - നാറ്റിച്ച് !

തല ചെരിച്ചു പിടിച്ച് അയാൾ ആ കമ്പി ചെവിയിലിട്ടൊന്ന് തോണ്ടി. എന്നിട്ടാ ചെവിക്കായം അയാളുടെ കയ്യിൽ തേച്ചു കാണിച്ചു.

വല്ലാത്തൊരു അറപ്പ് തോന്നി. ഒന്നും പറയാൻ പറ്റുന്നില്ല. അയാൾ അത്‌ പിന്നേം ചെയ്തുകൊണ്ടേ ഇരിന്നു. ശേഷം ഒരു പഞ്ഞിയെടുത്തു , ക്ലീൻ ചെയ്യാൻ തുടങ്ങി.

പാവം ജീവിക്കാൻ വേണ്ടിയല്ലേ, 20 രുപയല്ലേ ചെയ്തോട്ടെ!

എല്ലാം കഴിഞ്ഞു, പൈസയും കയ്യിൽ കൊടുത്തു.

അയാളുടെ കയ്യിലുള്ള ഒരു മരുന്ന് കാണിച്ചു എന്തൊക്കയോ പറഞ്ഞു. ആ മരുന്ന് ഒഴിച്ചാ ചെവിക്ക് നല്ലതാകും എന്നൊക്കെ.

ആ, ഓക്കേ, ശെരി!

അയാൾ എന്നെ വിട്ടുപോകുന്ന ലക്ഷണമില്ല. 'ഹിന്ദി നഹി മാലൂം' പുറത്തെടുത്തു.

അവിടെ ഇരുന്ന പഞ്ചാബിയോട് അയാൾ  എന്തോ പറഞ്ഞു, അയാൾ ഇംഗ്ലീഷിൽ ഇങ്ങോട്ടും.

"You should give 500rs to doctor to clean it. This is good. Ayurvedic. No Infections."

ഹാ, നിങ്ങളെല്ലാം ഒരേ ടീം ആയിരുന്നല്ലേ!

നഹീന്ന് പറഞ്ഞാ നഹി!

Your ear very dirty! Your ear very dirty! പുട്ടിന് തേങ്ങാ ഇടുന്ന പോലെ അയാൾ പറഞ്ഞു കൊണ്ടേ ഇരിന്നു.

ഒന്ന് പതുക്കെ പറ മനുഷ്യാ, അപ്പുറം പെൺ പിള്ളേര് നിൽക്കുന്നുണ്ട്!

എന്തേലും ചെയ്യട്ടേന്ന് വച്ച്, അയാൾ എന്തോ പച്ച സാധനം ആദ്യം ഒഴിച്ചു. ആ കമ്പിയിൽ പഞ്ഞി വെച്ചിട്ടൊന്ന് കറക്കി - Your ear very dirty!

സന്തോഷം. എനിക്കിത് തന്നെ വേണം!

പിന്ന വേറെ ഒരു മരുന്നുകൂടെ ഒഴിച്ച്.
ഹാവു തീർന്നു.

ഭയ്യാ, 120 റുപ്പീസ്.

ശുഭം!

ട്രെയിൻ ചൂളമടിച്ചു വരുന്നുണ്ടായിരുന്നു, തർക്കിക്കാൻ നിന്നില്ല. നിന്നാൽ തന്നെ ഏതു ഭാഷയിലാ....

അയാൾ ഒരു ജോലി ചെയ്തല്ലേ ജീവിക്കുന്നത്. അതിനുമൊരന്തസുണ്ട്.

നടന്നു നീങ്ങവേ ചോദിച്ചു:
ഭയ്യാ നാം?

മേരാ നാം മുഹമ്മദ്!

മാഷാ അല്ലാഹ്!.....


തീറ്ററപ്പായി!

ആറ് മണിയോട് കൂടെ എഴുന്നേറ്റു പല്ലും തേച്ചു , കുളിച്ചു,  ഡ്രെസ്സ്  മടക്കി  ബാഗിലാക്കി, റൂം ക്ലീൻ ചെയ്തു.

ഇത്രയും എടുത്തു പറഞ്ഞത് വേറൊന്നും  കൊണ്ടല്ല, ആദ്യായിട്ടല്ലേ ഏതെല്ലാം!

ഇന്ന് ഡൽഹിയിൽ നിന്നും  താൽകാലികമായി  വിടപറയുകയാണ്.

രാവിലെ മുതൽ ഏട്ടന്റെ കാപ്പിയും  കാത്തിരിക്കുകയാണ്, വന്നിട്ടില്ല!

MP നാട്ടിൽ പോയി, PA വീട്ടിൽപോയി, ഏട്ടൻ ഫോണുമെടുക്കുന്നില്ല.

റൂമിന്റെ വെളിയിലിറങ്ങി.
നമ്മുടെ അപ്പൂപ്പൻ റൂമിലുണ്ട്,  യാത്ര ചോദിച്ചു. അപ്പോളാണ് അദ്ദേഹം, പേര് ചോദിക്കുന്നത്.

മൂപ്പരുടെ മോളും കൊച്ചുമോളും  അവിടെ തന്നെയാകണം താമസം. ഒരു പേപ്പർ പെൻ  ഓൾക്ക് കൊടുത്തു.

അവിടെ ഇന്നലെമുതൽ വേറൊരു അപ്പൂപ്പനെ കൂടെ കാണുകയുണ്ടായി. എപ്പൊ നോക്കിയാലും പത്രം വായന, ഇതിനും മാത്രം എന്താണോ ആവോ....

ഇന്നലെ ഉച്ച മുതൽ  റൂമിൽ  തന്നെയാണ്,  ജലദോഷം, പനി ആയെന്ന്  തോന്നുന്നു.

ബാഗിന് നല്ല വെയിറ്റ് ഉണ്ട്.
OLA ഓഫർ കണ്ട്, ഓട്ടോ ബുക്ക് ചെയ്തു.

വണ്ടിയെത്താൻ രണ്ടുമിനിറ്റ് ഉള്ളപ്പോ, ഏട്ടൻ വന്നു. വന്നപാടെ: ബ്രേക്ക് ഫാസ്റ്റ്/കാപ്പി?

പുഞ്ചിരിയോടെ ഒരു നഹി പറഞ്ഞു. TGFന്റെ സ്നേഹ സമ്മാനം നൽകി.

അടുത്ത ഇലക്ഷന് കേരളത്തിൽ കാണാമെന്ന് പറഞ്ഞു യാത്രയായി.

ഓട്ടോ വന്നു.
Zomatoയെ പോലെയല്ല OLA,
എന്റെ പേരിന് പറ്റിയ ആളെത്തന്നെ തന്നു.

എന്റെ ഡ്രൈവർ മുഹമ്മദ്, മാഷാ അല്ലാഹ്!

ആപ്പിൽ കണ്ട ആളല്ല വണ്ടിയിൽ.

വയറിനെ സ്വതന്ത്രമായി ചാടിക്കളിക്കാനാകണം ഷർട്ട് ബട്ടൺ ഫുൾ തുറന്നിട്ടിരിക്കുന്നു. ഒരു കൈ കണ്ണാടിയിൽ തൂക്കിയിട്ടിരിക്കുന്നു, താഴോട്ടൊന്ന് നോക്കി; പുള്ളി പാന്റ് ഇട്ടിരിക്കുന്നു, ഭാഗ്യം! അപ്പൊ മഴ പെയ്യുമ്പോൾ മറക്കാനാകണം!

ഒരു സൈഡിൽ ചായ, ഒരു കയ്യിൽ ബീഡി.
ഓരോ ട്രാഫിക് സിഗ്നൽ എത്തുമ്പോഴും ഒരു സിപ്പ്!

എന്തോ ഹിന്ദിയിൽ ചോദിച്ചു; നഹീ മാലൂം, ഗിയർ ഇംഗ്ലീഷിലിട്ടു.

ഡൽഹിയിൽ വന്നതിനെ പറ്റിയും, ഇഷ്ടമായോ എന്നെല്ലാമായിരുന്നു പുള്ളിക്കാരന്റെ ചോദ്യങ്ങൾ. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോ: I like that place, I will visit.

സ്റ്റേഷൻ എത്താറായി, അപ്പോ കേരളത്തിൽ എത്തുമ്പോ വിളി എന്ന് പറഞ്ഞു വണ്ടിയിൽ നിന്നിറങ്ങി.

പാവം ചായ തീർന്നെന്ന് തോന്നുന്നു, ഒരു ബിസ്ക്കറ്റും കടിച്ചു പുള്ളി സ്റ്റാന്റ് വിട്ടു.

കുറച്ചു നടന്നപ്പോളാണ് ഓർത്തത്; നമ്പർ ഇല്ലാതെ എങ്ങനെ വിളിക്കാനാണ്.

പലതും ഭംഗി വാക്കുകളിൽ ഒതുങ്ങുന്നു എന്നു മാത്രം!


Wednesday, February 26, 2020

സ്വപ്ന സാക്ഷാത്ക്കാരം!

55 ലോധി, ന്യൂ ഡൽഹി.

രണ്ടു വർഷമായി കാണുന്ന സ്വപ്നം. ഇതുവരെ പോയിട്ടില്ലാത്ത സ്ഥലം, അറിയാത്ത ആളുകൾ.

United Nations India.

അവരുടെ ഓഫീസ് അവിടാണ്.

10ഇനും 12ഇനും എഞ്ചിനീറിംഗും ശേഷം എന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു ഇവർ.
ഞാൻ കണ്ട സ്വപ്നങ്ങൾ വലുതായിരുന്നു, അതിന് വർണ്ണങ്ങൾ തന്നതും അവരാണ്.

കോളേജിന്റെ നാലു ചുവരുകൾക്കുള്ളിലും പേരിനാടും ഒതുങ്ങി പോകുമായിരുന്ന എന്റെ പ്രവർത്തങ്ങൾ ഇന്ത്യയിലുടനീളം എത്തിക്കാൻ സഹായിച്ചത് ഇവരാണ്.

2017ഇലെ International Volunteers Day ക്ക്  UNV Online Volunteer ആയി തുടങ്ങി.

യൂണിവേഴ്സിറ്റി പരീക്ഷ എഴുതാതെ പണിയെടുത്ത് അതിൽ ഇന്ത്യയിലെ Top Online Volunteer ആയി. TGF തുടങ്ങുമ്പോൾ മനസിലുണ്ടായിരുന്നതും ഇവരോടുള്ള അടുപ്പമായിരുന്നു.

പിന്നീടിങ്ങോട്ട് വല്ലാത്തൊരു വഴിത്തിരിവായിരുന്നു. (പരീക്ഷ എഴുതാത്ത കാര്യത്തിലും)

അതിനെല്ലാം സഹായകമായി നിന്നത് UNV മാനേജർ അസ്സോസിയേറ്റ് ആയിരുന്ന ഋഷി സാറും.

ഇന്ന് സ്വപ്ന സാക്ഷത്കാരത്തിന്റെ ദിനമാണ്. 2 വർഷത്തെ ഓൺലൈൻ വോളന്ററിങ് ശേഷം അവരോടൊപ്പം ഒന്നിച്ചൊരു പ്രൊജക്റ്റ്: India Volunteering Conclave 2019.

അതിന്റെ മീറ്റിംഗ് ആയിരുന്നു UN India യുടെ ഓഫീസിൽ ഇന്ന്. കൂടെ 15 പേർ. ഏറ്റവും അഭിമാനം ഋഷി സാറിന്റെ കൂടെയുള്ള എക്സ്പീരിയൻസ്.

അഭിമാനം. സന്തോഷം.

എന്റെ യാത്രയിൽ താങ്ങും തണലുമായി നിന്ന എല്ലാവർക്കും ഒരുപാട് നന്ദി. സ്നേഹം.


നന്മമരം!


ജീവിതത്തിൽ നമ്മളെ പലരും ചതിച്ചിട്ടുണ്ടാകാം. അവരോടെല്ലാം പുഞ്ചിരിച്ചുകൊണ്ട് നമ്മൾ ജീവിതത്തിൽ മുന്നേറണം.

ഇന്ന് എന്നെ ഒരാൾ ചതിച്ചു - ഗൂഗിൾ മാപ്പ്!
ലോധി ഗാർഡൻ തിരക്കി ഇറങ്ങിയ എന്നെ അവൻ എവിടെയോ കൊണ്ടെത്തിച്ചു. പക്ഷെ എനിക്ക് നന്ദിയേയുള്ളു!

നടത്തത്തിനിടയിൽ ഒരു കുരുവി നിലത്തു വീണുകിടക്കുന്നത് കണ്ടു. വേനലിൽ ചുടേറ്റു വീണതാകും. കൈയിലുള്ള വെള്ളം വായിലൊഴിച്ചു കൊടുത്തു.

അതൊന്ന് എണീക്കാൻ ശ്രമിച്ചു, ഒരു കാലും ചിറകുമെന്തോ ഒടിഞ്ഞിരിക്കുന്ന പോലെ. അതിന് വഴിയിൽ നിന്നുമെടുത്ത് തണലുള്ള സ്ഥലത്തേക്ക് വെച്ചു ഞാൻ നടന്നു നീങ്ങി.

എന്തോ ഒരു ബഹളം കേട്ട് തിരിഞ്ഞുനോക്കി. 3 കുരുവികൾ ചേർന്ന് അതിനെ ആക്രമിക്കുകയാണ്. ഓടിച്ചെന്ന് അതിനെയെല്ലാം പരത്തി വിട്ടു.

പിന്നേം അതെല്ലാം തിരിച്ചു വന്ന്, അതിന്റെ ദേഹത്തെല്ലാം കൊത്തി പരിക്കേൽപിക്കുന്നു; ആ കുരുവി റോഡിലോട്ട് വീഴുന്നു.

ഞാൻ അടുത്ത് ചെന്നപ്പോഴേക്കും അതെല്ലാം പറന്നു മാറി, റോഡിൽ കിടക്കുന്ന കിളിയെ എടുക്കാൻ നോക്കിയപ്പോ, അതെന്റെ വിരലിലൊരു കടി തന്നു.

കൈ കുടഞ്ഞു കൊണ്ട് നിൽക്കുമ്പോഴാണ് ഈ മനുഷ്യൻ്റെ വരവ്. എന്നോട് കാര്യം തിരക്കി. അദ്ദേഹം അതിനെ തണലത്തോട്ടു വെച്ചു. അപ്പോ ബാക്കിയുള്ളവ വീണ്ടും ആക്രമിക്കാൻ വന്നു.


പ്രാണരക്ഷാർത്ഥം കുരുവി എങ്ങനെയോ പറന്നു റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ചെന്നിടിച്ചു നിന്നു. അദ്ദേഹം അതിനെ എടുക്കാൻ ഓടി, ഞാൻ വണ്ടികൾ കൈ കാണിച്ചു നിർത്തി.

അദ്ദേഹം ആ കുരുവിയെയും എടുത്ത് നടന്നു. അടുത്ത് എവിടേലും തണലിൽ വെക്കാനാണെന്ന് കരുതി ഞാനും കൂടെ പോയി.

അദ്ദേഹം നിൽക്കുന്നില്ല,  അതിനേം എടുത്തുകൊണ്ട് നടന്നു പോകുകയാണ്.

പേരെന്താന്നെന്ന് വിളിച്ചു ചോദിച്ചു.
അദ്ദേഹം കേട്ടില്ലെന്ന് തോന്നുന്നു!

ഞാൻ അദ്ദേഹത്തെ നന്മമരം എന്ന് വിളിക്കും.

ആ കുരുവിക്ക് ഇനി തണലേകുന്നത്, ആ മരമാണ്.




കുപ്പയിൽ മാണിക്യം തിരയുന്നയാൾ!

രാവിലെ തന്നെ ഏട്ടന്റെ കാപ്പിയും കുടിച്ചു ഊരു തെണ്ടാനിറങ്ങി.

ഇന്നലെ കുടിക്കാൻ വെള്ളം കിട്ടാൻ മെട്രോ ഫുൾ തപ്പി കിട്ടിയില്ല, പുറത്തിറങ്ങിയപ്പോ ഒരു ബോർഡ് "Say No to Plastic".

അടുത്തുചെന്ന് നോക്കി. വലിയ പ്ലാസ്റ്റിക് ക്യാനുകളിൽ വെള്ളം കൊണ്ട് ഒരു വലിയ മെഷീൻ പോലെ എന്തിലോ വെച്ചിട്ട്, ആ വെള്ളം 2രൂപക്കും 5രൂപക്കും പേപ്പർ കപ്പുകളിൽ വിൽക്കുന്നു. അതും ഒരു Govt.of India സംരംഭം ആണെന്ന് ലോഗോ കണ്ടപ്പോ തോന്നി. എന്ത് പ്രഹസനമാണ് സജി!

ഇന്നത്തെ യാത്രയിൽ കുറച്ചു ദൂരം നടന്നപ്പോ ഈ മനോഹര കാഴ്ച കണ്ടു.

റോഡ് സൈഡിൽ ആറു വലിയ മൺകലങ്ങൾ! വഴിയാത്രക്കാർക്ക് കുടിക്കാൻ ആന്ധ്രാ & തെലുങ്കാന ഭവന് മുന്നിൽ വെച്ചിരിക്കുന്നതാണ്.

അവിടെ റോഡ് സൈഡിൽ,  എന്തോ ഈത്തപ്പഴം പോലുള്ള സാധനം വിൽക്കുന്ന ഒരു ഭയ്യാ ഒരു പ്ലാസ്റ്റിക് കവറുമായി വന്ന് അതിൽ വെള്ളം നിറച്ചുകൊണ്ട് പോകുന്നു. ആ കവറിൽ നിന്നും വെള്ളം ഇറ്റിറ്റ് പോക്കൊണ്ടേ ഇരുന്നു. അതയാളൊരു കമ്പിയിൽ തൂക്കിയിട്ടു. വിൽപ്പന തുടർന്നു.

ഞാനും കുറച്ചു വെള്ളം കുടിച്ചു, കുപ്പിയിലും നിറച്ചു.

അവിടത്തെ സെക്യൂരിറ്റി ഇതെല്ലാം നോക്കി നിൽപ്പുണ്ടായിരുന്നു. ആ മുഖത്തെ പുഞ്ചിരിയിൽ അഭിമാനം നിഴലിച്ചു നിന്നു.



പണ്ട് സ്‌കൂളിൽ പഠിച്ച ഒരു ഇംഗ്ലീഷ് കഥയുണ്ട്. ചവറു കൂനയിൽ ഒരു പ്രാവിശ്യം കിട്ടിയ 5 രൂപ പിന്നേം കിട്ടുമെന്ന പ്രതീക്ഷയിൽ, സ്കൂളിലൊന്നും പോകാതെ പിന്നേം ചവറു കൂനയിൽ ജീവിക്കുന്ന ഒരു കൂട്ടം കുട്ടികളുടെ കഥ.

ചില വഴികൾ ഇപ്പോളും ഓർമ്മയുണ്ട്:
"For them,  garbages are wrapped with gold"

ഇന്ന് തെരുവിലൂടെ ഈ മനുഷ്യനെ കണ്ടപ്പോ അതാണ് ഓർമവന്നത്.

ഈ സൈക്കിളും ചവുട്ടി, ഓരോ ബിന്നിലും അയാൾ എന്തോ തിരയുകയാണ്. നിരാശയോടെ അടുത്തതിലും.

ചിലപ്പോൾ അത് അന്നമാകാം, ചിലപ്പോൾ അന്നത്തിനുള്ള വഴിയാകാം. എന്തായിരുന്നാലും ഇതിനുപിന്നിൽ ഒരേ ഒരു വികാരമേ ഉള്ളു - വിശപ്പ്.

അതിന് അവർക്ക് സ്വർണത്തിന്റെ വിലയുണ്ട്!

മനുഷ്യൻ ജീവിക്കുന്നത് അത് മാറ്റാൻ വേണ്ടിയല്ലേ?

ഞാൻ വിശപ്പറഞ്ഞിട്ടില്ല. നിങ്ങളും അറിഞ്ഞുകാണില്ല. മാതാപിതാക്കൾ അറിയിച്ചിട്ടിലായിരിക്കും!

അതിന്റെ വിളി നമ്മൾ കൂടെ അറിയേണ്ടതാണ്. ഹമീമിന്റെ സ്റ്റാറ്റസുകൾ കാണുമ്പോ മാത്രമാണ് അതേപ്പറ്റി ഞാൻ ആലോചിട്ടുള്ളത്. ഈ യാത്ര അതുകൂടെ തേടിയുള്ളതാണ്!





മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....