Wednesday, February 26, 2020

നന്മമരം!


ജീവിതത്തിൽ നമ്മളെ പലരും ചതിച്ചിട്ടുണ്ടാകാം. അവരോടെല്ലാം പുഞ്ചിരിച്ചുകൊണ്ട് നമ്മൾ ജീവിതത്തിൽ മുന്നേറണം.

ഇന്ന് എന്നെ ഒരാൾ ചതിച്ചു - ഗൂഗിൾ മാപ്പ്!
ലോധി ഗാർഡൻ തിരക്കി ഇറങ്ങിയ എന്നെ അവൻ എവിടെയോ കൊണ്ടെത്തിച്ചു. പക്ഷെ എനിക്ക് നന്ദിയേയുള്ളു!

നടത്തത്തിനിടയിൽ ഒരു കുരുവി നിലത്തു വീണുകിടക്കുന്നത് കണ്ടു. വേനലിൽ ചുടേറ്റു വീണതാകും. കൈയിലുള്ള വെള്ളം വായിലൊഴിച്ചു കൊടുത്തു.

അതൊന്ന് എണീക്കാൻ ശ്രമിച്ചു, ഒരു കാലും ചിറകുമെന്തോ ഒടിഞ്ഞിരിക്കുന്ന പോലെ. അതിന് വഴിയിൽ നിന്നുമെടുത്ത് തണലുള്ള സ്ഥലത്തേക്ക് വെച്ചു ഞാൻ നടന്നു നീങ്ങി.

എന്തോ ഒരു ബഹളം കേട്ട് തിരിഞ്ഞുനോക്കി. 3 കുരുവികൾ ചേർന്ന് അതിനെ ആക്രമിക്കുകയാണ്. ഓടിച്ചെന്ന് അതിനെയെല്ലാം പരത്തി വിട്ടു.

പിന്നേം അതെല്ലാം തിരിച്ചു വന്ന്, അതിന്റെ ദേഹത്തെല്ലാം കൊത്തി പരിക്കേൽപിക്കുന്നു; ആ കുരുവി റോഡിലോട്ട് വീഴുന്നു.

ഞാൻ അടുത്ത് ചെന്നപ്പോഴേക്കും അതെല്ലാം പറന്നു മാറി, റോഡിൽ കിടക്കുന്ന കിളിയെ എടുക്കാൻ നോക്കിയപ്പോ, അതെന്റെ വിരലിലൊരു കടി തന്നു.

കൈ കുടഞ്ഞു കൊണ്ട് നിൽക്കുമ്പോഴാണ് ഈ മനുഷ്യൻ്റെ വരവ്. എന്നോട് കാര്യം തിരക്കി. അദ്ദേഹം അതിനെ തണലത്തോട്ടു വെച്ചു. അപ്പോ ബാക്കിയുള്ളവ വീണ്ടും ആക്രമിക്കാൻ വന്നു.


പ്രാണരക്ഷാർത്ഥം കുരുവി എങ്ങനെയോ പറന്നു റോഡിൽ ഓടിക്കൊണ്ടിരുന്ന കാറിൽ ചെന്നിടിച്ചു നിന്നു. അദ്ദേഹം അതിനെ എടുക്കാൻ ഓടി, ഞാൻ വണ്ടികൾ കൈ കാണിച്ചു നിർത്തി.

അദ്ദേഹം ആ കുരുവിയെയും എടുത്ത് നടന്നു. അടുത്ത് എവിടേലും തണലിൽ വെക്കാനാണെന്ന് കരുതി ഞാനും കൂടെ പോയി.

അദ്ദേഹം നിൽക്കുന്നില്ല,  അതിനേം എടുത്തുകൊണ്ട് നടന്നു പോകുകയാണ്.

പേരെന്താന്നെന്ന് വിളിച്ചു ചോദിച്ചു.
അദ്ദേഹം കേട്ടില്ലെന്ന് തോന്നുന്നു!

ഞാൻ അദ്ദേഹത്തെ നന്മമരം എന്ന് വിളിക്കും.

ആ കുരുവിക്ക് ഇനി തണലേകുന്നത്, ആ മരമാണ്.




No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....