ആകാശ് എന്നെ കൊണ്ടാക്കിയത് സുവർണ്ണ ക്ഷേത്രത്തിന്റെ മുന്നിലായിരുന്നു.
ഇത്രയും നേരം കണ്ട പഞ്ചാബ് അല്ലായിരുന്നു അത്, വേറെ ഏതോ ലോകത്ത് എത്തിയ പോലെ. നല്ല വൃത്തിയുള്ള മനോഹരമായ നഗരം.
തല മറക്കാതെ അവിടെ കേറാൻ പറ്റില്ലെന്നാരോ പറഞ്ഞ ഓർമ്മയുണ്ട്. അങ്ങനെ ഒരു തുണി വാങ്ങി തലയിൽ കെട്ടി. ചെരിപ്പ് അകത്തു കേറ്റില്ല, ഫ്രീ ആയി സൂക്ഷിക്കാൻ സ്ഥലമുണ്ട് അവിടെ വെക്കണം. അതിനു മെനക്കെടാതെ ഷൂ ബാഗിൽ വെച്ചു നടന്നു.
കാലു കഴുകി ഉള്ളിലോട്ട് കേറാൻ നേരം കുന്തം പിടിച്ച രണ്ടു പഞ്ചാബികൾ തടഞ്ഞു നിർത്തി. ഷൂ ബാഗിൽ വെച് കേറാൻ പറ്റില്ലത്രേ. ഈ പഹയന്മാർ ഇതെങ്ങനെ കണ്ടു പിടിച്ചോ ആവോ.
അങ്ങനെ അത് കൊണ്ട് വെച്ചു അകത്തു കയറി. ആദ്യത്തെ നോട്ടത്തിൽ തന്നെ വല്ലാത്തൊരു പ്രകാശം. വെള്ളത്തിന്റെ നടുക്ക് പ്രൗഢിയോടെ നിൽക്കുന്ന സ്വർണ്ണ ക്ഷേത്രം.
എങ്ങും എന്തൊക്കയോ ഭക്തിഗാനങ്ങൾ മുഴങ്ങികേൾക്കുന്നു. ജനസാഗരം എന്നെല്ലാം പറയാം. എല്ലാരും പ്രാർത്ഥനയിൽ മുഴുകിയിരിക്കുന്നു. വല്ലാത്തൊരു ആത്മീയത.
കുറച്ചു നടന്നപ്പൊ കുളിക്കുന്ന സ്ഥലം കണ്ടു. രാവിലെ മുതലുള്ള തെണ്ടലാ, ദേഹം ചൊറിയുന്നുണ്ട്. അവിടെ കേറി കുളിക്കാമെന്ന് വെച്ചു. ഫുൾ സിഖ് ടീമ്സ്.
ഡ്രസ്സ് മാറ്റി മുണ്ടുടുത്തു, കുളിക്കാൻ ടാപ്പിന്റെ അടുത്ത് ചെന്നു. എല്ലാരും എന്നെ വല്ലാത്തൊരു നോട്ടം. ഇവന്മാര് 'മലയാളി ആണുങ്ങൾ' കുളിക്കുന്ന കണ്ടിട്ടില്ലേ?
തലയിൽ വെള്ളം വീണപ്പോളാ മനസ്സിലായത്, ഞാനാ തലയിലെ കെട്ട് മാറ്റാതയാണ് കുളിക്കാൻ പോയതെന്ന്.
അങ്ങനെ കുളി കഴിഞ്ഞു. മനസ്സും ശരീരവും ഒന്ന് തണുത്തു. ഒരു പോസിറ്റീവ് എനർജി.
കുളത്തിന്റെ അടുത്തുപോയിരുന്നു. മഞ്ഞ തലപ്പാവും അരയിൽ കത്തിയുമായി ഒരാൾ ഇരിക്കുന്നുണ്ട്. അവനോട് സംസാരിക്കാൻ നോക്കിയ എന്നോടിരുന്നു പ്രാർത്ഥിക്കാൻ പറഞ്ഞു.
അങ്ങനെ കുറേ നേരം അതിന്റെ സൗന്ദര്യവും ആസ്വദിച്ചു വേറേ ഏതോ ലോകത്തു എന്തൊക്കയോ ആലോചിച്ചിരുന്നു.
സമയം പതിനൊന്ന് കഴിഞ്ഞു, നല്ല ക്ഷീണമുണ്ട്. രാവിലെ 6 മണിക്ക് ട്രെയിൻ ഉണ്ട്. തലചായിക്കാൻ സ്ഥലം തപ്പി നടന്നു. ക്ഷേത്രത്തിന് എതിർവശം കൺകുളിർക്കെ കാണാവുന്ന രീതിയിൽ സ്ഥലമൊപ്പിച്ചു കിടന്നു.
കണ്ണു തുറക്കുമ്പൊ സമയം നാലുമണി കഴിഞ്ഞു. അവിടത്തെ തിരക്കിന് ഒരു കുറവുമില്ല.
മുഖമെല്ലാം കഴുകി അടുത്ത യാത്രക്കുള്ള തയ്യാറെടുപ്പായി.
പുറത്തിറങ്ങിയതും റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കാമെന്ന് പറഞ്ഞു ഒരു ഓട്ടോക്കാരൻ പിറകെ കൂടി. ഹിന്ദി നഹി മാലൂം കേട്ടപ്പോളേ ചോദിച്ചു 'Malayali/Tamil?'
അങ്ങനെ റെയിൽവേ സ്റ്റേഷൻ വരെയുള്ള യാത്ര തുടങ്ങി, കൂടെ ഒരു ജമ്മു കാശ്മീർകാരനുമുണ്ട്.
എന്റെ ഷർട്ടിലെ Singapore International Foundation കണ്ടിട്ട്, സിംഗപ്പൂർ ആണോ വീടെന്നറിയണം. പുള്ളി പഠിക്കാനെന്തോ സിഗപ്പൂരിലേക്ക് പോകുവാണ്. അതിനു മുൻപ്പ് പ്രാർത്ഥിക്കാൻ വന്നതാണ്. കട്ട ഇംഗ്ലീഷ്, ഒന്നും മനസിലായില്ലെങ്കിലും ഉറക്കപ്പിച്ചിൽ 'Ya, Ya' വെച്ചു അഡ്ജസ്റ്റ് ചെയ്തു.
ഡ്രൈവറോട് എന്തൊക്കയോ കാശ്മീർ പ്രേശ്നത്തെ പറ്റി സംസാരിക്കുന്നുണ്ട്. ഹിന്ദിയിൽ ആണ്. സ്റ്റേഷനിൽ എത്തിയിട്ട് സമാധാനത്തിൽ എല്ലാം തിരക്കാമെന്ന് വെച്ചു. ബസ് സ്റ്റോപ്പ് എത്തിയ പ്പൊ, പുള്ളി ടാറ്റയും പറഞ്ഞിറങ്ങി.
No comments:
Post a Comment