വന്നപ്പൊ മുതൽ കത്തിയടിയാണ്, പഴയ കാര്യങ്ങളും തമാശകളും.
ഉറങ്ങാൻ വൈകി. ഉറക്കമെണീക്കാനും.
ബെഡിൽ നിന്നും എണീക്കാൻ പോലും വയ്യ, മടി. സൂര്യരശ്മി ശരീരത്തിലും റൂമിലും പതിച്ചതേയില്ല.
കുറച്ചു പണികളിൽ മുഴുകി അവശനായിരുന്നു.
രാത്രിയായപ്പൊ കറങ്ങാനിറങ്ങി. അവർ ആറു പേർ. അവരുടെ കാര്യങ്ങളും തമാശകളും. ഞാൻ ഒറ്റപ്പെട്ടു, അതു തന്നെയാണ് എനിക്ക് വേണ്ടതും. കുട്ടത്തിൽ നിന്നാൽ നമ്മളും നമ്മുടെ ചിന്തകളും അവിടേക്ക് ചുരുങ്ങും, ഒറ്റക്കാവുമ്പോൾ നമ്മൾ പലതും നിരീക്ഷിക്കും.
അവിടത്തെ ഒരു ഫേമസ് ഡാബയിലെ അടിപൊളി ഭക്ഷണത്തിന് ശേഷം പുറത്തിറങ്ങി, അവരെല്ലാം ഐസ്ക്രീം റോൾ ഉണ്ടാക്കുന്ന കടക്കു ചുറ്റും കൂടി.
മൊഹാലിയെ അടുത്തറിയാൻ പറ്റിയില്ല.
നടന്നുകാണാൻ ആവത്തില്ല.
സൈഡിലെ ഒരു കമ്പിയിൽ ഇരുന്ന് അവിടത്തെ കാഴ്ച്ചകൾ തിരഞ്ഞു.
ആദ്യം കണ്ണുടക്കിയത് ഒരു വലിയ പടത്തിലേക്കാണ്. മൂന്ന് നിലയുള്ള കെട്ടിടത്തിന്റെ ചുമരിൽ മനോഹരമായി വരച്ച കുറച്ചു ആളുകളുടെ ചിത്രം, ഒരാൾ കപിൽ ദേവ് ആണ്.
"Me for My City" എന്ന Clean Mohali ക്യാമ്പയിന്റെ ഭാഗമായുള്ളതാണ് അത്.
അതിനു താഴയായി ഒരു ഫാമിലി. എന്തോ സ്ട്രീറ്റ്‌ഫുഡും ജ്യൂസും കുടിച്ച് തമാശകളിൽ മുഴുകിയിരിക്കുകയാണവർ. തിന്ന ശേഷം ആ പ്ലേറ്റും കപ്പും ചിലർ വലിച്ചെറിയുന്നുണ്ട്.
അടുത്തുള്ള കടക്കാരൻ കട ഒതുക്കുകയാണ്. അയാൾ ആ വേസ്റ്റുകൾ പെറുക്കി ബക്കറ്റിലിട്ടു, ഇതു കണ്ട ആ കൂട്ടത്തിലുള്ള ഒരാൾ കൂടെ കൂടി. പിന്നെ ബാക്കിയുള്ളവർ ആ ബക്കറ്റിലിട്ടു.
കുറേ നേരമായി അവിടെ തന്നെ ഒരു കാല് തളർന്ന ഒരു മനുഷ്യൻ ഭിക്ഷയാചിക്കുന്നു, കൂടെ കറങ്ങി കറങ്ങി ഒരു പട്ടിയും. അയാൾ കൈ നീട്ടിയിട്ടും ആരും തിരിഞ്ഞു നോക്കുന്നില്ല, ആ പട്ടിക്ക് ബാക്കി വന്ന ഫുഡ് കടക്കാരൻ എറിഞ്ഞു കൊടുക്കുന്നുമുണ്ട്. അയാൾ ഇഴഞ്ഞിഴഞ്ഞു നീങ്ങി.
ബലൂൺ വിൽക്കുന്ന പയ്യനിലായി അടുത്ത നോട്ടം. 3 ബലൂണുകളാണ് അവന്റെ കയ്യിലുള്ളത്. അത് വിറ്റാൽ അവന്റെ അന്നത്തെ പണി കഴിഞ്ഞു. ആരും വാങ്ങുന്നില്ല.
അവൻ 3 ചെറുപ്പക്കാരുടെ പിറകെ കൂടി . അവർ എന്തൊക്കയോ അവനോട് ചോദിച്ചു. ബലൂൺ വാങ്ങിയില്ല, അവന് കുറച്ചു പൈസ കൊടുത്തു കൊണ്ട് അവർ പോയി.
ഞാൻ പടമെടുക്കുന്നത് ആ വെള്ള ജുബ്ബാക്കാരൻ നോക്കി.
പുഞ്ചിരി. പുഞ്ചിരി.
കാഴ്ച്ചകൾ തേടി കണ്ണ് പാഞ്ഞു നടന്നു.
പഞ്ചാബി ബല്ലേ ബല്ലേ പാട്ടുകൾ എല്ലായിടത്തുമുണ്ട്.
തെരുവുകൾ സജീവമാണ്.
മസിൽ അളിയന്മാരും ഗോതമ്പ് മണികളും.
ടോവിനോ ഗോദയിൽ പറയുന്നപോലെ തന്നെ.
അവന്മാർക്ക് നല്ല സൈസ്, വേണ്ട ഭിത്തിയിൽ ചേർക്കും!
No comments:
Post a Comment