Friday, February 28, 2020

കൂകിപായുന്ന ജീവിതങ്ങൾ!


കുറച്ചു നിമിഷങ്ങൾക്കകം ട്രെയിൻ വന്നു. സെക്കന്റ് സിറ്റിംഗ് ആണ്. സീറ്റ് തപ്പി എത്തപ്പെട്ടത് ഒരു മസിൽ അളിയന്റെയും പഞ്ചാബി പെങ്ങളുടേയും ഇടയിൽ.

പെട്ടു, ശാസം വിടാൻ പോലും പറ്റണില്ല. രണ്ടും ഫോണിന് മുന്നിൽ തലകുനിച്ചിരിക്കുവാ. ഒരാളങ്ങ് ജമ്മുവിലേയും അടുത്തയാൾ പഞ്ചാബിലേയും.

മസിലളിയനെ തള്ളി നീക്കാൻ പറ്റൂല. പെങ്ങള് മുന്നോട്ട് ഒന്ന് നീങ്ങിയപ്പൊ ദേഹമൊന്ന് നിവർത്തി. ഓള് തിരിച്ചു വന്ന് എന്റെ കൈ തട്ടി മാറ്റി, ഹിന്ദിയിൽ എന്തോ പറഞ്ഞു. ചീത്തയാണോ?

ഒരു രക്ഷയുമില്ല അവിടിരിക്കാൻ, അവസാനം രണ്ട് കയ്യും താടിക്ക് കൊടുത്തു മുന്നോട്ട് കുനിഞ്ഞു ഇരിപ്പായി.

ട്രെയിൻ കൂകിപായും തോറും ഓരോ ജീവിതങ്ങൾ കണ്ണിനു മുന്നിലൂടെ കടന്നുപോയികൊണ്ടിരുന്നു.

ആദ്യം കേട്ടത് സ്ഥിരമുള്ള കയ്യടി ശബ്ദമാണ്. പണ്ടൊരു പ്രാവിശ്യം അഹമ്മദാബാദ് പോകുന്ന വഴിയിൽ അവർക്ക് പൈസ കൊടുക്കാത്തതിന് മുണ്ടുപൊക്കി കാണിച്ച ഒരു ചരിത്രമുണ്ട്. അത് ഓർത്തത് കൊണ്ടൊരു നെഞ്ചിടിപ്പ്.

കൈ കൊട്ട് അടുക്കുംതോറും നെഞ്ചിടിപ്പും കൂടി വന്നു. ഉറക്കം നടിക്കാം!
അവർ വന്ന് തട്ടി വിളിച്ചു, ഒന്നുമില്ല എന്ന് ദയനീയമായി കൈ മലർത്തി കാണിച്ചു.

തലയിൽ കൈ വച്ചു എന്തോ പറഞ്ഞു, ചീത്ത വിളിച്ചയാണോ ശപിച്ചയാണോ?

പൈസ കൊടുക്കുന്ന എല്ലാരുടേം തലയിൽ കൈ വെക്കുന്നുണ്ട്. ഹാ അനുഗ്രഹിച്ചയാ!

സാധാരണയുള്ളവർ ഗൗരവത്തിൽ  പൈസ വാങ്ങി പോകും, ഇവർ അങ്ങനയല്ല അവിടെയുള്ള അമൂമ്മമാരോട് എന്തൊക്കയോ കുശലം പറഞ്ഞും, അനുഗ്രഹിച്ചുമാണ് പോകുന്നത്.

കരയുന്ന കുഞ്ഞിനെ ഉപദ്രവിക്കുന്ന അമ്മയും, അതിനെ ആശ്വസിപ്പിക്കുന്ന അച്ഛനും. അതിനപ്പുറം തോളിൽ കാലിനു വയ്യാത്ത മകനേയും കൊണ്ട് വരുന്ന അച്ഛൻ. ആരും അയാളെ മൈന്റ് ആക്കിയില്ല, പൈസ കൊടുക്കുന്നതും കണ്ടില്ല.

അടുത്തതായി വന്നത് ഒരു ചേട്ടനും മകളും. വയലിൻ പോലൊരു നാടൻ ഉപകരണം വെച്ചാണ് പാട്ട്, മകൾ എന്തോ സാധനം കയ്യിൽ വെച്ചു കൊട്ടുന്നുണ്ട്. ആദ്യം ചേട്ടന്റെ പാട്ട്, ശേഷം കുട്ടിയുടെയും. അർത്ഥമറിയില്ലെങ്കിലും വളരെ മനോഹരമായ പാട്ട്. സുന്ദരമായ ശബ്ദം. പലരും നടന്നു വന്നു പൈസ കൊടുത്തു. അവരും നടന്നു നീങ്ങി.

അടുത്തതായി ഒരു കാഴ്ച്ചയില്ലാത്ത ചേട്ടൻ പാട്ടുമായി എത്തി. അങ്ങനെ ഒരു ട്രെയിൻ യാത്രയിൽ എത്രയെത്രയോ ജീവിതങ്ങൾ നമ്മുടെ മുന്നിലൂടെ കടന്നുപോകുന്നു.

ജീവിതത്തിന്റെ രണ്ടറ്റങ്ങൾ തമ്മിൽ കൂട്ടിമുട്ടിക്കാൻ അവർ കൂകി പാഞ്ഞുകൊണ്ടിരിക്കുകയാണ്.

ആറു  മണിക്കൂർ കൊണ്ട് സ്ഥലത്തെത്തി, ട്രെയിനിൽ നിന്നിറങ്ങിയതും ഒരു ഹിന്ദി ബുക്കും പിടിച്ചു സുഖമില്ലാത്തൊരാൾ മുന്നിലൂടെ പാഞ്ഞു പോയി.







No comments:

Post a Comment

മാഷിന്റെ സ്വർഗ്ഗം!

അമ്പതിൽപ്പരം കൊല്ലം പഴക്കമുള്ളതാണീ തറവാട്. പഴയമുടെ ഭംഗി.  പാതിരാ വരെ നീണ്ട കത്തിയടിക്ക് ശേഷം എന്നെ മുകളിലത്തെ നിലയിൽ ഒറ്റക്കാക്കി മാഷ് പോയി....